
കൊച്ചി: വയനാട്ടിലെ മുട്ടിൽ മോഡൽ വനം കൊള്ള എറണാകുളത്തും. നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചിൽ മാത്രം മൂന്ന് കോടിയിലേറെ വിലമതിക്കുന്ന മരങ്ങൾ മുറിച്ച് കടത്തി. റവന്യൂ വകുപ്പിന്‍റെ കടുത്ത സമ്മർദ്ദങ്ങളെ തുടർന്നാണ് മരം മുറിക്കാനുള്ള പാസ് മിക്കയിടങ്ങളിലും നൽകിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടരുകയാണ്.
കോടികളുടെ മരതടികളാണ് എറണാകുളം ഇടുക്കി ജില്ലകളുമായി അതിർത്തി പങ്കിടുന്ന നേര്യമംഗലത്തും വിവാദ ഉത്തരവിന്‍റെ മറവിൽ മുറിച്ച് കടത്തിയത്. പെരിയാറിന്‍റെ തീരങ്ങളിലായി ഇടുക്കി മലനിരകളോട് ചേർന്ന് കിടക്കുന്ന നേര്യമംഗലം വനമേഖലയില്‍ നിന്ന് കിട്ടിയ അവസരം മുതലാക്കിയ വനം മാഫിയ സംഘം മാസങ്ങൾക്കുള്ളിൽ മുറിച്ച് കടത്തിയത് നാനൂറിലേറെ മരങ്ങളാണെന്നാണ് പ്രാഥമിക കണ്ടെത്തൽ. തേക്ക് തടികളാണ് കൂടുതലും. വനമേഖലയിൽ നിന്നും ലാന്‍റ് അസൈന്‍റ്മെന്‍റ് പട്ടയഭൂമിയിൽ നിന്നും കൂസലില്ലാതെ മരങ്ങൾ മുറിച്ചു. മൂന്നാർ ഫോറസ്റ്റ് ഡിവിഷനിലുൾപ്പെട്ട നേര്യമംഗലം റേഞ്ചിൽ അറുപതോളം പാസുകളാണ് അനുവദിച്ചത്. മിക്ക റേഞ്ച് ഓഫീസർമാരും വനം കൊള്ളയെ എതിർത്തെങ്കിലും റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരിൽ നിന്നടക്കം പാസ് അനുവദിക്കാൻ കടുത്ത സമ്മർദ്ദം നേരിടേണ്ടി വന്നു.
ഇഞ്ചത്തൊട്ടി, നീണ്ട പാറ, ഉരുളൻ തണ്ണി തുടങ്ങിയ മേഖലകളിൽ നിന്നായി 250 മീറ്റർ ക്യൂബ് തേക്കിൻ തടികളാണ് മുറിച്ച് കടത്തിയത്. തട്ടേക്കാട് ഫോറസ്റ്റ് ഡിവിഷനിൽ 20 പാസുകളാണ് അനുവദിച്ചത്. കർഷകരുടേതടക്കമുള്ള 35 മീറ്റർ ക്യൂബ് വരുന്ന എൺപതോളം തേക്ക് മരങ്ങൾ മുറിച്ചതായി കണ്ടെത്തി. വിവിധ മേഖലകൾ തിരിച്ച് വനം വകുപ്പ് കേസെടുത്തു വരികയാണ്. നേര്യമംഗലത്തേതടക്കമുള്ള വനംകൊള്ള പുറത്ത് വരാതിരിക്കാനാണ് എറണാകുളത്തിന്‍റെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഫ്ലെയിംഗ് സ്ക്വാഡ് ഡിഎഫ്ഒ ഒ പി ധനേഷ് കുമാറിനെ മാറ്റാനുള്ള ശ്രമങ്ങൾ നടന്നതെന്നും ആക്ഷേപമുണ്ട്.
(പ്രതീകാത്മക ചിത്രം)
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam