
വയനാട്: മുട്ടിൽ മരംമുറിയുമായി (Muttil Case)ബന്ധപ്പെട്ട് മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം(Investigation) മന്ദഗതിയിൽ. അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതോടെയാണ് നടപടികൾ വൈകിയത്. കുറ്റംപത്രം സമർപ്പിക്കുന്നത് നീണ്ടാൽ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കുമെന്നാണ് ആക്ഷേപം. മുഖ്യ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുകയാണ്.
അന്വേഷണ ഉദ്യോഗസ്ഥനായ സുൽത്താൻ ബത്തേരി ഡിവൈഎസ്പി വി.വി ബെന്നിയെ തിരൂരിലേക്ക് സ്ഥലം മാറ്റിയതോടെയാണ് കേസ് അന്വേഷണത്തിന്‍റെ വേഗത കുറഞ്ഞത്. സ്ഥലം മാറ്റിയെങ്കിലും കേസിന്‍റെ ചുമതല വി.വി ബെന്നിക്ക് തന്നെയാണ്. വനം- റവന്യു ഉദ്യോഗസ്ഥരുടെ പങ്ക്, കുറ്റപത്രം സമർപ്പിക്കൽ തുടങ്ങിയ നടപ്പടികൾ ബാക്കി നിൽക്കെയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍റെ സ്ഥലം മാറ്റം. പുതിയ സുൽത്താൻ ബത്തേരി ഡിവൈ.എസ്.പിയായി ചുമതലയേറ്റ ടി.പി. ജേക്കബിനെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുമില്ല.
അതേസമയം മുഖ്യ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളുടെ റിമാൻഡ് കാലാവധി 60 ദിവസം പിന്നിട്ടു. ബത്തേരി ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. വെട്ടിയ ഈട്ടി തടികളെല്ലാം കണ്ടുകെട്ടിയ സാഹചര്യത്തിൽ നഷ്ടം ഉണ്ടായിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ വാദം. നേരത്തെ അഗസ്റ്റിൻ സഹോദരങ്ങളുടെയും ഡ്രൈവർ വിനീഷിന്‍റെയും ജാമ്യ ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് രജിസ്റ്റർ ചെയത കേസിലെ അന്വേഷണം ഇതിനകം പൂർത്തിയായിട്ടുണ്ട്. ഈ കേസിൽ ഉടൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണ് വനം വകുപ്പ്.
Read More:മുട്ടിൽ മരംമുറി കേസ്: പ്രതികളായ സഹോദരങ്ങളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam