
വയനാട്: മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളുടെ തട്ടിപ്പ് കഥകൾ ശരിയെന്ന് ഭൂവുടമകളുടെ വെളിപ്പെടുത്തൽ. അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിക്കാൻ സമീപിച്ചത്. എന്നാൽ, മരംമുറിക്കാനായി ഒരിടത്തും അപേക്ഷ നൽകിയിരുന്നില്ലെന്നും ആദിവാസികളായ ഭൂവുടമകൾ വ്യക്തമാക്കി. പ്രതികളുടെ തട്ടിപ്പുകഥകൾ ശരിവച്ച് ഭൂവുടമകൾ. 'മരംമുറിക്കാൻ സ്വമേധയാ അപേക്ഷ നൽകിയിരുന്നില്ല. പേപ്പറുകൾ എല്ലാം ശരിയാക്കാമെന്ന് റോജി പറഞ്ഞു. അപേക്ഷയിൽ കാണിച്ച ഒപ്പുകൾ ഞങ്ങളുടേത് അല്ല. അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിച്ചത്. പേപ്പറുകൾ ശരിയാക്കാൻ കൂടുതൽ പണം വേണം. അതിനാൽ കുറഞ്ഞ വിലയെ നൽകാനാകൂ എന്നും പറഞ്ഞു.' ഭൂവുമകൾ വ്യക്തമാക്കുന്നു.
മരംമുറിക്കാന്‍ അനുമതി കിട്ടിയിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് റോജിയും കൂട്ടാളികളും സമീപിച്ചത്. ആദ്യം എത്തിയത് ഇടനിലക്കാരാണ്. പാതിസമ്മതം ഉറപ്പായശേഷം റോജി നേരിട്ടെത്തി ഇടപാട് ഉറപ്പിച്ചു. ലക്ഷങ്ങൾ വിലമതിക്കുന്ന മരത്തിന് ഭൂവുടമകൾക്ക് നൽകിയത് തുച്ഛമായ വിലയാണ്. മരംമുറിയുമായി ബന്ധപ്പെട്ട രേഖകൾ റോജി ശരിയാക്കും. അതിനാലാണ് തുക കുറച്ചു നൽകുന്നതെന്നും ഭൂവുടമകളെ പറഞ്ഞു പറ്റിച്ചു. ഒരു അപേക്ഷയിലും ഒപ്പിട്ടിരുന്നില്ല എന്നും ഭൂവുടമകൾ പറഞ്ഞു.
മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയ ഭൂമികളില്‍ നിന്നാണ് റോജി അഗസ്റ്റിനും സംഘവും കോടികളുടെ ഈട്ടിത്തടി മുറിച്ചു കടത്തിയത്. മരംമുറിക്കാനായി റോജി അഗസ്റ്റിൻ ഏഴു കർഷകരുടെ സമ്മതപത്രമാണ് വില്ലേജ് ഓഫീസിൽ സമർപ്പിച്ചത്. എല്ലാം റോജി സ്വന്തം എഴുതി ഒപ്പിട്ടവ എന്നാണ് ഫൊറൻസിക് പരിശോധനയിലെ കണ്ടെത്തൽ. മുട്ടിൽ സൌത്ത് വില്ലേജിൽ നിന്നും ഈ വ്യാജ അപേക്ഷകൾ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികൾക്ക് എതിരായ കൂടുതൽ കണ്ടെത്തലുകൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഇനി, പൊലീസിൻ്റെയും വനംവകുപ്പിൻ്റെയും കുറ്റപത്രമാണ് അടുത്ത ഘട്ടം. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരമുള്ള നടപടി റവന്യുവകുപ്പും സ്വീകരിച്ചാൽ മുട്ടിൽ മരംമുറിയിലെ പ്രതികൾ കനത്ത നിയമനടപടി നേരിടേണ്ടിവരും.
Also Read: മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾ വില്ലേജോഫീസിൽ സമർപ്പിച്ച അപേക്ഷകളും വ്യാജം
മുട്ടിൽ മരംമുറിയിലെ തട്ടിപ്പുകൾ ശരിവെച്ച് ഭൂവുടമകൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam