
തിരുവനന്തപുരം: ദേശീയ പാതാ നിർമ്മാണത്തിൽ സംസ്ഥാനത്ത് അങ്ങിങ്ങായുള്ള പ്രശ്നങ്ങളുടെ ഉത്തരവാദിത്തം സംസ്ഥാനത്തിൻ്റെ തലയിൽ കെട്ടിവെക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബിജെപിക്ക് ഇലക്ടറൽ ബോണ്ട് വഴി പണം കൊടുത്ത കമ്പനികളാണ് ദേശീയപാത നിർമ്മിക്കുന്നതിൽ പലതും. മലപ്പുറത്ത് ദേശീയപാത നിർമ്മിച്ച കമ്പനിയുടെ സുതാര്യത പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടത് സർക്കാർ ഉണ്ടായിരുന്നില്ലെങ്കിൽ ദേശീയപാത നിർമ്മാണം നടക്കില്ലായിരുന്നു. എങ്ങനെയെങ്കിലും ദേശീയപാത പൊളിയണം എന്നാണ് ചിലർക്ക് ആഗ്രഹം. എവിടെയാണ് കോട്ടം സംഭവിച്ചതെന്ന് പരിശോധിക്കണം. ദേശീയപാത ഡിപിആർ മാറ്റംവരുത്തിയെന്ന കേന്ദ്രമന്ത്രിയുടെ വാദം അസംബന്ധമാണ്. ആരെങ്കിലും പറയുന്നത് അനുസരിച്ചല്ല ഡിപിആർ തയ്യാറാക്കുന്നത്. ഇനിയുള്ള ഒരു വർഷക്കാലം മാധ്യമങ്ങളും പ്രതിപക്ഷവും എന്തും പറയും.
സ്മാർട്ട് റോഡ് വിഷയത്തിൽ സംസ്ഥാനത്തെ മന്ത്രിമാർ തമ്മിൽ ഭിന്നതയെന്ന് വരുത്താനാണ് ശ്രമം. സംസ്ഥാന സർക്കാരിന് ഞാൻ കൊടുക്കുന്നത് നൂറിൽ തൊണ്ണൂറ് മാർക്കാണ്. മലയാള മനോരമ പത്രം 55 ശതമാനം നൽകിയതാണ് ഇടതു സർക്കാരിന്. അപ്പോൾ ശരിക്കും എത്ര മാർക്കുണ്ടാകും? പ്രതിപക്ഷത്തിന് മാർക്ക് കൊടുക്കാൻ അവർക്ക് പ്രവർത്തനം ഇല്ലല്ലോ. വികസനങ്ങൾ തടയുന്ന പ്രവർത്തനങ്ങളാണ് പ്രതിപക്ഷം നടത്തിയത്. പ്രതിപക്ഷത്തിന് പാസ്‌മാർക്ക് ഇല്ല. ഒരു വികസന പ്രവർത്തനവും നടത്താൻ സമ്മതിക്കില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിന്. ഫ്ലക്സിൽ പടമില്ല എന്ന കാര്യമൊന്നും വാർത്താസമ്മേളനത്തിൽ ചോദിക്കരുത്, മുഖ്യമന്ത്രിയുടെ പടം എല്ലാത്തിലുമുണ്ട്.
കേന്ദ്രസർക്കാർ രാഷ്ട്രപതി ഭവൻ ഉൾപ്പെടെ വർഗീയവത്ക്കരിക്കുകയാണ്. രാജ്ഭവനിൽ ആർഎസ്എസുകാരാണല്ലോ പരിപാടികളിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ഗവർണറെ ഉപയോഗിച്ച് കാവിവത്കരണം നടത്തി. വേടൻ്റെ കാര്യത്തിൽ ശക്തമായ അഭിപ്രായമുണ്ട്. വേടൻ എനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞതു മുതൽ കേരളം വേടനൊപ്പമാണ്. ഇഡിയുടെ വിശ്വാസ്യത തകർന്നു. പ്രതിപക്ഷ പാർട്ടിക്കാരെ ആക്രമിക്കാൻ ഇഡിയെ ഉപയോഗിച്ചു. ഇപ്പോൾ അഴിമതിയും നടത്തിയതായി കണ്ടെത്തി. ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഇനിയും പുറത്തുവരുമെന്നാണ് അറിയുന്നത്. അൽഫോൺസ് കണ്ണന്താനം പുസ്തമെഴുതിയതിന് താൻ എന്ത് ചെയ്യാനാണെന്നും എം.വി.ഗോവിന്ദൻ ചോദിച്ചു.