
തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നതിന് മുന്നോടിയായി വക്കില്‍ നോട്ടീസ് അയച്ചതിനെ ന്യായികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്ത്. നട്ടെല്ല് ഒന്നല്ല പത്തുണ്ട്. അതുകൊണ്ടാണ് മാനനഷ്ടക്കേസ് കൊടുത്തത്. വെറുതെ തോന്ന്യവാസം പറഞ്ഞാൽ മിണ്ടാതിരിക്കാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ ഒത്തുതീര്‍പ്പിനായി ഇടനിലക്കാരനെ അയച്ചെന്നും 30 കോടി വാഗ്ദാനം ചെയ്തെന്നും, നാടുവിട്ട് പോയില്ലെങ്കില്‍ കൊല്ലുമെന്ന ഭീഷണി മുഴക്കിയെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം. അതേസമയം ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മാപ്പ് പറയണമെങ്കില്‍ വീണ്ടും ജനിക്കണമെന്നും സ്വപ്ന ഇതിനകം പ്രതികരിച്ചിട്ടുണ്ട്.
സൂര്യനെ പഴയ മുറം കൊണ്ട് തടുക്കാനാവില്ലെന്നും മുഖ്യമന്ത്രിയെ പിന്തുണച്ച് എം വി ഗോവിന്ദന്‍ പറഞ്ഞു. ഫ്യൂഡൽ സമൂഹത്തിലെ ജീർണത കെ സുധാകരനുണ്ട്. മോശം പദപ്രയോഗങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ നടത്തുന്നത്. രാഷ്ട്രീയത്തിന് പകരം വ്യക്തിപരമാകുന്നത് തെറ്റായ പ്രവണതയാണ്. കെ സുധാകരൻ്റെ രീതി യുഡിഎഫ് അംഗീകരിക്കുന്നുണ്ടോ..? കെ സുധാകരൻ തിരുത്തണം. അല്ലെങ്കിൽ തിരുത്തിക്കാൻ യുഡിഎഫ് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പരനാറി പ്രയോഗം ചർച്ച ചെയ്ത് അവസാനിപ്പിച്ചതാണ്.ഇനി അത് വീണ്ടും ചർച്ച ചെയ്യേണ്ടതില്ലെന്നും സുധാകരൻ്റെ പരമാർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഒരു വിശ്വാസത്തിനും പാർട്ടി എതിരല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി പി ജയരാജൻ്റെ പടം വച്ചത് പാർടി അംഗീകരിക്കുന്നില്ല. വിശ്വാസവുമായി ബന്ധപ്പെട്ട് മാർക്സിൻ്റെ പടം വെച്ചാലും അംഗീകരിക്കില്ല. ജനകീയ പ്രതിരോധജാഥ നാളെ തിരുവനന്തപുരത്ത് സമാപിക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമാപന സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam