
കണ്ണൂർ: സ്വർണ്ണം നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് അർജുൻ ആയങ്കിക്കെതിരെ ആരും പരാതി പറയാൻ എത്തിയിട്ടില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. അഥവാ പരാതിയുമായി ആരെങ്കിലും എത്തിയാൽ തന്നെ പൊലീസിനെ സമീപിക്കാനാണ് സിപിഎം നിർദ്ദേശിക്കുകയെന്നും ജയരാജൻ വ്യക്തമാക്കി.
സ്വർണ്ണം കൊണ്ടുവരാൻ വാഹനം കൊടുത്തു എന്ന പ്രാഥമിക നിഗമനത്തിലാണ് സിപിഎം അംഗത്തിനെതിരെ നടപടി എടുത്തതെന്ന് മുതിർന്ന നേതാവ് വിശദീകരിച്ചു. പാർട്ടി അംഗങ്ങൾക്ക് ക്വട്ടേഷൻ ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്ന് പറഞ്ഞ എം വി ജയരാജൻ സിപിഎം ഭരിക്കുന്ന ബാങ്കുകൾ സ്വർണ്ണക്കടത്തിന് നേതൃത്വം കൊടുക്കുന്നു എന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു. സഹകരണ ബാങ്കിലെ ജീവനക്കാരൻ തെറ്റ് ചെയ്താൽ ബാങ്കിൻ്റെ പേര് പറയരുതെന്നാണ് ജയരാജൻ പറയുന്നത്.
സിപിഎം സസ്പെൻഡ് ചെയ്ത സി സജേഷിനെയും കരിപ്പൂർ സ്വർണക്കടത്തിൽ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെയാണ് ജയരാജൻ്റെ പ്രസ്താവന. സിപിഎം നിയന്ത്രണത്തിലുള്ള കൊയ്യോട് സഹകരണ ബാങ്കിൽ സ്വര്‍ണം പരിശോധിക്കുന്നയാളാണ് സജേഷ്. കടത്തിയ സ്വര്‍ണം സജേഷ് കൈകാര്യം ചെയ്തിരുന്നോയെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. സജേഷിന്‍റെ കാറാണ് അർജുൻ ഉപയോഗിച്ചത്.
സഹകരണ ബാങ്കുകൾക്ക് മേൽ സംശയത്തിന്റെ കരിനിഴൽ വീഴത്ത്തരുതെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ട ജയരാജൻ എതിർ പാർട്ടിക്കാരുടെ ക്വട്ടേഷൻ ബന്ധം സ്ഥാപിക്കാൻ മുൻകാലങ്ങളിലെ മാധ്യമ റിപ്പോർട്ടുകൾ വാർത്താ സമ്മേളനത്തിൽ ഉയർത്തിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam