
കോഴിക്കോട്: മലപ്പുറം അടക്കമുള്ള മലബാറിലെ മൂന്ന് ജില്ലകളിൽ തങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ കഴിയുന്നില്ലെന്ന എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിന് മറുപടിയുമായി നജീബ് കാന്തപുരം എംഎൽഎ. തന്റെ നിയോജക മണ്ഡലത്തിൽ ഭംഗിയായി പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജാണ് പെരിന്തൽമണ്ണ എസ് എൻ ഡി പി കോളജെന്നും അത് മലപ്പുറം ജില്ലയിൽ തന്നെയാണെന്ന് വെള്ളാപ്പള്ളിയെ അറിയിക്കണേയെന്നും നജീബ് കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്‍റെ പൂർണരൂപം
"എന്‍റെ നിയോജക മണ്ഡലത്തിലെ പെരിന്തൽമണ്ണയിൽ ഭംഗിയായി പ്രവർത്തിക്കുന്ന സ്വാശ്രയ കോളജാണ് പെരിന്തൽമണ്ണ എസ് എൻ ഡി പി കോളജ്. 2002 ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി സാഹിബാണ് ഈ കോളജ് അനുവദിച്ചത്. പെരിന്തൽമണ്ണ മലപ്പുറം ജില്ലയിൽ തന്നെയാണെന്ന് സഖാവ് വെള്ളാപ്പള്ളിയെ ഒന്ന് അറിയിച്ച് കൊടുക്കണേ. ഏതായാലും യു ഡി എഫിന്റെ ആ നല്ല കാലം വരട്ടെ. എസ് എൻ ഡി പിക്കും മറ്റു പിന്നോക്ക വിഭാഗങ്ങൾക്കും ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമുക്ക് മലപ്പുറം ജില്ലയിൽ ഇനിയും കൊണ്ടു വരാം. കുട്ടികൾ പഠിച്ച് വളരട്ടെ."
മലപ്പുറം പരാമര്‍ശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രകോപിതനായാണ് വെള്ളാപ്പള്ളി മറുപടി നൽകിയത്. വര്‍ഗീയ വാദിയാണെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് മലപ്പുറത്തെക്കുറിച്ച് താന്‍ പറഞ്ഞത് ശരിയായ കാര്യമാണെന്നും മലപ്പുറം അടക്കമുള്ള മലബാറിലെ മൂന്ന് ജില്ലകളില്‍ എസ് എന്‍ ഡി പിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുമതി ലഭിക്കുന്നില്ലെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. എസ് എൻ ഡി പിക്ക് സ്ഥലമൊക്കെയുണ്ടെന്നും എന്നാൽ അനുമതി കിട്ടുന്നില്ലെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.
ചതിയൻ ചന്തുമാരാണ് സിപിഐയെന്നും 10 വർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ സര്‍ക്കാരിനെ തള്ളിപ്പറയുകയാണെന്നും വെള്ളാപ്പള്ളി ഇന്നലെ വിമർശിച്ചു. വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണെന്നും പുറത്തല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അയ്യപ്പ സംഗമത്തിൽ മുഖ്യമന്ത്രിക്കൊപ്പം കാറിൽ സഞ്ചരിച്ചതുമായി ബന്ധപ്പെട്ട വിമര്‍ശനത്തിനും വെള്ളാപ്പള്ളി മറുപടി നൽകി. താൻ മുഖ്യമന്ത്രിക്കൊപ്പം കാറിൽ കയറിയതിൽ എന്താണ് തെറ്റെന്ന് ചോദിച്ച വെള്ളാപ്പള്ളി താൻ അയിത്ത ജാതിക്കാരനാണോയെന്നും ചോദിച്ചു. ഉയര്‍ന്ന ജാതിക്കാരൻ കയറിയെങ്കിൽ നിങ്ങള്‍ പ്രശ്നമാക്കുമായിരുന്നോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. മൂന്നാമതും പിണറായി തന്നെ അധികാരത്തിൽ വരുമെന്നും ഇനിയും അത് പറയാൻ തയ്യാറാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam