'ഗോൾവാൾക്കർ മഹാൻ, ആർജിസിബിക്ക് ആ പേരിട്ടത് ശരി'യെന്ന് കുമ്മനം, ഇത് ഗുരുവിന്‍റെ നാടെന്ന് സിപിഎം

By Web TeamFirst Published Dec 6, 2020, 12:21 PM IST
Highlights

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയുടെ പേര് മാറ്റി, ആർഎസ്എസ് നേതാവ് എം എസ് ഗോൾവാൾക്കറുടെ പേരിലാക്കുന്നതിലുള്ള രാഷ്ട്രീയപ്പോര് വലിയ മാനങ്ങളിലേക്ക് കടക്കുകയാണ്. കേരളം നവോത്ഥാനത്തിന്‍റെ നാടെന്ന് പറയുന്നു സിപിഎം.

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്നവസാനിക്കാനിരിക്കെ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയുടെ പുതിയ ക്യാമ്പസിന്‍റെ പേര് മാറ്റി ആർഎസ്എസ് നേതാവ് എം എസ് ഗോൾവാൾക്കറുടെ പേരിടുന്നതിന്‍റെ പേരിലുള്ള രാഷ്ട്രീയനേതാക്കളുടെ വാക്പോരും തുടരുകയാണ്. ആർജിസിബിക്ക് ഗോൾവാൾക്കറിന്‍റെ പേര് നൽകിയതിൽ അസ്വാഭാവികതയൊന്നുമില്ലെന്നാണ് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍റെ പക്ഷം. അത് വിവാദമാക്കേണ്ട കാര്യമില്ല. പല മഹാൻമാരുടെയും പേരുകൾ അങ്ങനെ പല സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ടെന്നാണ് കുമ്മനം പറയുന്നത്. 

അതേസമയം, കേരളം നവോത്ഥാനത്തിന്‍റെയും ശ്രീനാരായണഗുരുവിന്‍റെയും നാടാണെന്നത് മറക്കരുതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറിയുടെ ചുമതലയുള്ള എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ഓർമിപ്പിക്കുന്നു. ഗോൾവാൾക്കറുടെ പേര് നൽകിയത് വിചിത്രമായ നടപടിയാണ്. നവോത്ഥാനത്തിനാണ് കേരളം എന്നും മേൽക്കൈ നൽകിയിട്ടുള്ളത്. വർഗീയതയ്ക്കല്ല. എല്ലാത്തരം വർഗീയതയും എതിർക്കപ്പെടേണ്ടതാണ്. എന്നാൽ ഭൂരിപക്ഷവർഗീയതയാണ് ഏറ്റവും കൂടുതൽ എതിർക്കപ്പെടേണ്ട കാര്യം. കേരളത്തിൽ ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാനനേതാക്കളുണ്ട്. എന്നിട്ടും അവരുടെയൊന്നും പേര് നൽകാതെ ഗോൾവാൾക്കറുടെ പേര് നൽകിയതിനെ സിപിഎം രൂക്ഷമായ ഭാഷയിൽ എതിർക്കുകയും ചെയ്യുന്നു. 

ആർജിസിബിയുടെ പുതിയ ക്യാമ്പസിന്‍റെ പേര് ''ശ്രീ ഗുരുജി മാധവ് സദാശിവ ഗോൾവാൾക്കർ നാഷണൽ സെന്‍റർ ഫോർ കോംപ്ലക്സ് ഡിസീസ് ഇൻ കാൻസർ & വൈറൽ ഇൻഫെക്ഷൻ'' എന്നാക്കുമെന്ന് വെള്ളിയാഴ്ചയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ പ്രഖ്യാപിച്ചത്. ഇന്ത്യ ഇന്‍റർനാഷണൽ സയൻസ് ഫെസ്റ്റിവലിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടായിരുന്നു ഇത്.

കടുത്ത പ്രതിഷേധവുമായി ഇതിനെതിരെ ആദ്യം രംഗത്തെത്തിയത് തിരുവനന്തപുരം എംപിയായ ശശി തരൂർ തന്നെയാണ്. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കേന്ദ്രത്തിന് കത്തയച്ചു. തികഞ്ഞ വ‍ർഗീയവാദിയായ ഗോൾവാൾക്കറിന്‍റെ പേര് ശാസ്ത്രീയപഠനങ്ങൾ നടക്കുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ടിന് നൽകരുതെന്നും, ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗ്ഗീയവാദിയുടെ പേര് ആർജിസിബിയ്ക്ക് നൽകുന്നതിലൂടെ മതേതരപാരമ്പര്യമുള്ള കേരളത്തെ അപമാനിച്ചുവെന്നും എം എ ബേബി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കാലത്ത് വർഗീയവിദ്വേഷം പടർത്താൻ ശ്രമിക്കുകയാണ് ബിജെപിയെന്ന് എ വിജയരാഘവനും ആരോപിച്ചു. എന്നാൽ മുസ്ലിം സംഘടനകളെ പ്രീണിപ്പിക്കാനാണ് എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്നാണ് ബിജെപി സംസ്ഥാനപ്രസിഡന്‍റ് കെ സുരേന്ദ്രൻ പറഞ്ഞത്.

click me!