
കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി അറസ്റ്റിലായ സവാദിന് സ്വീകരണം നൽകിയതിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാരിയായ നന്ദിത രംഗത്ത്. പ്രതിക്ക് സ്വീകരണം നൽകിയ നടപടി ലജ്ജിപ്പിക്കുന്നതെന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്തിനായിരുന്നു സ്വീകരണം. നഗ്നതാ പ്രദർശനം നടത്തിയതിനോ? സംഭവത്തിന് ശേഷം പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണെന്നും പരാതിക്കാരി ആരോപിച്ചു. തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നും സംഭവത്തിന് ശേഷം സോഷ്യൽ മീഡിയയിലൂടെ തന്നെ വേട്ടയാടുകയാണെന്നും അക്കൗണ്ട് തുറക്കാനാവുന്നില്ലെന്നും അവർ പറഞ്ഞു. സവാദിനെതിരെ നിയമ പോരാട്ടം തുടരും. ബസിൽ അടുത്തുണ്ടായിരുന്ന പെൺകുട്ടി പേടിച്ച് പിൻമാറുകയായിരുന്നു. പരാതിപ്പെട്ടാൽ അവളുടെ തൊഴിലിനെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യും. എന്നാൽ കെഎസ്ആർടിസി ബസിൽ സിബ്ബഴിച്ചാൽ സ്വീകരണം നൽകുമെന്നും പെൺകുട്ടി ആരോപിച്ചു.
കേസിൽ അറസ്റ്റിലായിരുന്ന സവാദ് കഴിഞ്ഞ ദിവസമാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സവാദിനെ മാലയിട്ടാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരിച്ചത്. തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് നഗ്നതാ പ്രദർശനം നടത്തിയെന്ന യുവനടിയുടെ പരാതിയിലായിരുന്നു കോഴിക്കോട് സ്വദേശിയായ സവാദിനെ നെടുമ്പാശേരി പൊലീസ് അറസ്റ്റു ചെയ്തത്. ഇന്ന് എറണാകുളം അഡി. സെഷൻസ് കോടതിയാണ് ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിച്ചത്.
നഗ്നതാ പ്രദർശനം; ജാമ്യം കിട്ടിയ സവാദിനെ പൂമാലയിട്ട് സ്വീകരിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ
യുവതിയുടെ പരാതി വ്യാജമാണെന്നും ജാമ്യത്തിലിറങ്ങുന്ന സവാദിനു സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം കിട്ടി ആലുവ സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ സവാദിനെ അസോസിയേഷന്‍റെ നേതൃത്വത്തിൽ പൂമാലയിട്ട് സ്വീകരിച്ചത്. സവാദ് തെറ്റ് ചെയ്തെന്നാണ് ആദ്യം കരുതിയത്, എന്നാൽ പെണ്‍കുട്ടിയുടെ വീഡിയോ കണ്ടതോടെ യുവാവ് തെറ്റ് ചെയ്തില്ലെന്ന് മനസിലായെന്നും ഇതോടെയാണ് പിന്തുണയുമായി എത്തിയതുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ സ്വീകരണത്തിന് ശേഷം പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam