
തിരുവനന്തപുരം: മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയുമടക്കം 4 പേരെ കൊന്ന് കത്തിച്ച നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ, പ്രതിക്ക് അച്ഛനോടുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തന്റെ ഇഷ്ടത്തിന് വിരുദ്ധമായി വിദേശത്തേക്ക് അയക്കുന്നു. പഠനത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് തിരികെ വരുന്നു, ബന്ധുക്കളിൽ നിന്ന് പരിഹാസം ഏറ്റുവാങ്ങേണ്ടി വരുന്നു. അതിന് കാരണം തന്റെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിക്കാത്ത രക്ഷിതാവാണെന്ന് കേദൽ കരുതി.
പിതാവിന്റെ മദ്യപാനമടക്കമുള്ള ദുശ്ശീലങ്ങളിൽ പരാതി പറഞ്ഞിട്ടും അമ്മ തന്നെ സഹായിക്കുന്നില്ലെന്ന തോന്നലും അമ്മയോടുള്ള വിരോധവും കേദലിനുണ്ടായി. തുടർന്നാണ് കൊലപാതകം നടത്താനും ഒളിച്ചോടാനും കേദൽ തീരുമാനിക്കുന്നത്. മഴു കൊണ്ട് വെട്ടി എങ്ങനെയാണ് കൊല്ലുന്നതെന്ന് ഓൺലൈനിൽ മനസിലാക്കി. ഡമ്മിയിൽ വെട്ടി പരിശീലിച്ചു. ഇങ്ങനെ കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയത്.
അച്ഛനും അമ്മയും മക്കളും തമ്മിൽ മാനസികമായ അകൽച്ചയിലായിരുന്നു. വാട്ട്സ് ആപ്പ് വഴിയാണ് ഇവർ സംസാരിച്ചത്. അമ്മയെ കൊലപ്പെടുത്താൻ വേണ്ടി മുകളിലെ നിലയിലേക്ക് വിളിച്ചു വരുത്തിയതും വാട്ട്സ് ആപ്പ് വഴിയാണ്. ചോറുണ്ടോ, കുളിച്ചോ എന്ന കാര്യങ്ങൾ വരെ ചോദിച്ചിരുന്നത് വാട്ട്സ് ആപ്പ് വഴിയായിരുന്നു എന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. താൻ പ്രോഗ്രാം ചെയ്ത വീഡിയോ ഗെയിം കാണാനെന്ന് പറഞ്ഞാണ് അമ്മയെ വിളിച്ചു വരുത്തിത്. കസേരയ്ക്ക് പിന്നിലിരുത്തി മഴു കൊണ്ട് കഴുത്തിൽ വെട്ടിക്കൊന്നു.
ഉച്ചയോടെ അച്ഛനെയും സഹോദരിയെയും സമാനമായ രീതിയിൽ തന്നെ കൊലപ്പെടുത്തി. പിറ്റേന്നാണ് ബന്ധുവിനെ കൊല്ലുന്നത്. ആദ്യ മൂന്ന് കൊലപാതകങ്ങളും നടത്തി മൃതശരീരങ്ങൾ മുകളിലത്തെ നിലയിലൊളിച്ചു. ഇവർ മൂന്ന് പേരും എവിടെയെന്ന് നിരന്തരം ചോദിച്ചതിനെ തുടർന്നാണ് ബന്ധുവായ ലളിതയെ കൊന്നത്. തന്റെ ക്രൂരകൃത്യം വെളിച്ചത്താകുമെന്ന് കേദൽ ഭയന്നു. മൃതദേഹം കത്തിക്കാനുള്ള ശ്രമത്തിനിടെ കേദലിന് വീടിന് തീപിടിച്ചു. ഈ ഘട്ടത്തിലാണ് വീട്ടിലുണ്ടായിരുന്ന പണവുമായി പ്രതി രക്ഷപ്പെട്ടത്. തുടർന്ന് തിരികെയെത്തിയപ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്.
നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ പ്രതി കേദലിന് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. 302 വകുപ്പ് പ്രകാരമാണ് നാല് കൊലപാതകങ്ങൾക്കും ജീവപര്യന്തം തടവ് വിധിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട 4 പേർക്കും 3 ലക്ഷം രൂപ വീതം പിഴയുമൊടുക്കണം. പിഴത്തുക കേദലിന്റെ അമ്മാവനായ ജോസ് സുന്ദരത്തിനാണ് നൽകേണ്ടത്. 4 കൊലപാതകത്തിൽ 3 ലക്ഷം വീതം 12 ലക്ഷം രൂപയും 436ാം വകുപ്പ് പ്രകാരം7 വർഷം തടവും 2 ലക്ഷം രൂപ പിഴയും വകുപ്പ് 201 പ്രകാരം 5 വർഷം തടവും 1 ലക്ഷം രൂപ പിഴയും എന്നിങ്ങനെയാണ് കേദലിനെ ശിക്ഷിച്ചിരിക്കുന്നത്.
ഈ കേസ് കോടതി അപൂർവ്വങ്ങളിൽ അപൂർവമായി വിലയിരുത്തിയിട്ടില്ല. അതെന്ത് കൊണ്ടാണെന്ന് വിധി പ്രസ്താവത്തിന്റെ പൂർണരൂപം പുറത്തു വന്നാൽ മാത്രമേ വ്യക്തമാകൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam