
ചെന്നൈ: ആശുപത്രി മാലിന്യം തമിഴ്നാട്ടിൽ തള്ളിയ സംഭവം അന്തർ സംസ്ഥാന തർക്കം ആക്കരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. കേരളത്തിനും തമിഴ്‌നാടിനുമാണ് നിർദേശം. മാലിന്യം തമിഴ്‌നാട്ടിൽ തള്ളിയവർക്കെതിരെ നടപടി എടുത്ത് ജനുവരി രണ്ടിന് റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട ട്രൈബ്യൂണൽ, മാലിന്യം ചെക് പോസ്റ്റുകൾ കടക്കുന്നത് എങ്ങനെയെന്ന് തമിഴ്‌നാടിനോടും ചോദിച്ചു.
തിരുനെൽവേലിയിലെ കൊണ്ടാനഗരം, പളവൂർ, കോടനല്ലൂർ, മേലത്തടിയൂർ ഗ്രാമങ്ങളിലാണ് കേരളത്തിൽ നിന്നുള്ള ടൺ കണക്കിന് ആശുപത്രി മാലിന്യം വലിച്ചെറഞ്ഞത്. കണ്ണെത്താ ദൂരത്ത് പരന്ന് കിടക്കുന്ന കൃഷിയിടങ്ങളിലാകെ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മെഡിക്കൽ മാലിന്യക്കൂമ്പാരമായിരുന്നു. തമിഴ്നാട്ടിൽ വൻ രാഷ്ട്രീയവിഷയമാകുകയും ദേശീയ ഹരിത ട്രിബ്യൂണൽ അന്ത്യശാസനം നൽകുകയും ചെയ്തതോടെയാണ് കേരളം മാലിന്യം നീക്കാൻ തീരുമാനിച്ചത്. ഇതിനോടകം ഇവിടെ നിന്ന് മാലിന്യം നീക്കിയിട്ടുണ്ട്.
മാലിന്യം തിരിച്ച് കേരളത്തിലേക്ക് കൊണ്ടുവന്ന് ക്ലീൻ കേരള കമ്പനി തരം തിരിക്കും. കമ്പനിക്ക് കീഴിലെ വിവിധ ബയോസംസ്ക്കരണ യൂണിറ്റിൽ ഇവ സംസ്ക്കരിക്കും. പുനഃരുപയോഗിക്കാൻ കഴിയുന്നവ അങ്ങിനെ ചെയ്യും. ആർസിസി, ക്രെഡൻസ് അടക്കമുള്ള ആശുപത്രികളിലെ മാലിന്യമാണ് തിരുനെൽവേലിയിൽ നിക്ഷേപിച്ചത്. തലസ്ഥാനത്തെ ചില ഹോട്ടലുകളിൽ നിന്നുള്ള മാലിന്യങ്ങളും ഇതിലുണ്ട്. മാലിന്യം തള്ളിയ ലോറി ഡ്രൈവർ അടക്കം നാല് പേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശുപത്രികളിൽ നിന്ന് മെഡിക്കൽ മാലിന്യം നീക്കം ചെയ്യാൻ കരാർ നേടിയ കമ്പനികൾക്ക് വീഴ്ചയുണ്ടായെന്നാണ് കേരള സർക്കാറിൻറെ വിലയിരുത്തൽ. ഇവർക്കെതിരെ നടപടി എടുക്കാനാണ് ദേശീയ ഹരിത ട്രൈബ്യൂണൽ ആവശ്യപ്പെട്ടത്. മാലിന്യ സംസ്‌കരണത്തിന് വേണ്ടത്ര സൗകര്യമില്ലാതെ ഈ കമ്പനികൾ എങ്ങിനെ കരാർ നേടി എന്ന ചോദ്യമാണ് ഉയർന്നിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam