
കോഴിക്കോട്: നടക്കില്ലെന്ന് പറഞ്ഞ ദേശീയ പാത നിര്‍മാണം നടന്നുവെന്നും ജനങ്ങള്‍ കണ്‍കുളിര്‍ക്കേ കാണുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് ആയതുകൊണ്ടാണ് ദേശീയ പാത ഈ രീതിയിലാക്കാൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷൻ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 2016ൽ എൽ ഡി എഫ് അധികാരത്തിൽ വരുമ്പോൾ ക്ഷേമ പെൻഷൻ 18മാസത്തെ കുടിശിക ഉണ്ടായിരുന്നു. ഇത് എൽ ഡി എഫ് കുടിശിക ഒഴിവാക്കി വർദ്ധിപ്പിച്ചു നൽകി. പെൻഷൻ 2000 രൂപ വരെ എത്തി. തുടര്‍ഭരണം കൊണ്ടാണ് ഇത് സാധ്യമായത്. 2006ൽ വിഎസ് അച്യുതാനന്ദൻ അധികാരത്തിൽ വരുമ്പോൾ 28മാസമായിരുന്നു പെൻഷൻ കുടിശിക. എൽ ഡി എഫ് അല്ലായിരുന്നു എങ്കിൽ കേരളം അതി ദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കാൻ കഴിയില്ലായിരുന്നു. മറ്റൊരു സംസ്ഥാനത്തിനും ഇത്തരമൊരു പ്രഖ്യാപനത്തെ കുറിച്ച് ഇപ്പോൾ പോലും ചിന്തിക്കാൻ കഴിയുന്നില്ല. വയനാട്ടിൽ നൂറു വീട് വാഗ്ദാനം ചെയ്ത ചിലർ ഉണ്ടായിരുന്നു. വീട് നിർമാണത്തിനുള്ള പണം സർക്കാരിന് നൽകാൻ ആയിരുന്നു സർക്കാർ നിർദേശിച്ചത്. ചിലരുടെ വാഗ്ദ്‌നങ്ങൾ നിറവേറ്റാൻ ആണോ എന്ന് അന്നേ സംശയമുള്ളത് കൊണ്ടാണ് സർക്കാർ അന്ന് ആ നിലപാട് എടുത്തത്. ആരു തന്നാലും ഇല്ലെങ്കിൽ സർക്കാർ ദുരിതബാധിതർക്ക് വീടുകൾ നൽകിയിരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.