
തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്‍റെ തൊഴിലാളി വിരുദ്ധ നിയമനിർമാണങ്ങൾക്കും നയങ്ങൾക്കുമെതിരെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മെയ് 20ന് നടക്കുന്ന ദേശീയ പണിമുടക്കിന് മാധ്യമപ്രവർത്തകരുടെയും മാധ്യമ ജീവനക്കാരുടെയും പിന്തുണ. പണിമുടക്കിന് അനുഭാവം പ്രഖ്യാപിച്ച് കേരള പത്രപ്രവർത്തക യുണിയനും കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷനും സംയുക്തമായി മെയ് 17ന് തിരുവനന്തപുരത്ത് ഐക്യദാർഡ്യ സദസ്സ് സംഘടിപ്പിക്കും.
പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുക്കും. തൊഴിൽ സുരക്ഷയും സംഘടനാ സ്വാതന്ത്ര്യം അടക്കം അടിസ്ഥാന അവകാശങ്ങളും നിഷേധിക്കുന്ന ലേബർ കോഡുകൾ എല്ലാ വിഭാഗം തൊഴിലാളികളും ഒറ്റക്കെട്ടായി ചെറുത്തുനിൽപ്പിന് സജ്ജരാവേണ്ട സാഹചര്യമാണു സൃഷ്ടിച്ചിരിക്കുന്നതെന്ന് കെ.യു.ഡബ്ല്യു.ജെ പ്രസിഡന്‍റ് കെ.പി റജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, കെ.എൻ.ഇ.എഫ് പ്രസിഡന്‍റ് വി.എസ് ജോൺസൺ, ജനറൽ സെക്രട്ടറി ജയ്സൺ മാത്യു എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
തൊഴിൽ സമയം, മിനിമം വേതനം, സാമൂഹിക സുരക്ഷ തുടങ്ങിയ എല്ലാ സംരക്ഷണ തത്വങ്ങളും നിഷേധിക്കുന്ന ലേബർ കോഡുകൾ വർക്കിങ് ജേർണലിസ്റ്റ് ആക്ട് അസാധുവാക്കുന്നതുവഴി മാധ്യമ വ്യവസായ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കു സൃഷ്ടിക്കുന്ന അതിജീവന പ്രതിസന്ധികൾ അതി ഗുരുതരമാണ്. ഉടമാ താൽപര്യങ്ങൾക്ക് ഊന്നൽ നൽകി തൊഴിലാളികളോട് ഹയർ ആൻഡ് ഫയർ സമീപനം പുലർത്തുന്ന ലേബർ കോഡ് ഒരു സാഹചര്യത്തിലും രാജ്യത്തു നിലവിൽ വരാൻ പാടില്ലാത്തതാണ്.
സംഘടിക്കാനും യൂണിയൻ രൂപവത്കരിക്കാനുമുള്ള അവകാശം, കൂട്ടായി വിലപേശാനുള്ള അവകാശം, പ്രതിഷേധിക്കാനും സമരം നടത്താനുമുള്ള അവകാശം എന്നിവയെല്ലാം ലേബർ കോഡുകൾ നിഷേധിക്കുന്നു: അധ്വാനിക്കുന്നവർക്ക് കൂട്ടായി പ്രതിഷേധിക്കാൻ ഒരവകാശവും ഇല്ലാതാകുന്നതോടെ തികഞ്ഞ അരാജകാവസ്ഥയാവും തൊഴിൽ മേഖലയിൽ ഉടലെടുക്കുക. അതുകൊണ്ടുതന്നെ സമസ്ത തൊഴിൽ വിഭാഗങ്ങളും ഈ കിരാത നിയമസംഹിതയ്ക്കും നയങ്ങൾക്കുമെതിരെ അണിനിരക്കേണ്ടതുണ്ടെന്ന് അവർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam