നാഷണല്‍ ട്രസ്റ്റ് ആക്ട് പിൻവലിക്കാൻ ഒരുങ്ങുന്നു; പ്രതിഷേധവുമായി ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കള്‍

By Web TeamFirst Published Oct 24, 2020, 12:09 PM IST
Highlights

പ്രധാനമന്ത്രിക്ക് കത്തയക്കാൻ ഒരുങ്ങുകയാണ് രക്ഷകര്‍ത്താക്കളുടെ കൂട്ടായ്മ. ഉദ്ദേശിച്ച ഫലം ഉണ്ടാകുന്നില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നാഷണല്‍ ട്രസ്റ്റ് ആക്ട് പിൻവലിക്കാൻ കേന്ദ്രം ഒരുങ്ങുന്നത്.

കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായുള്ള നാഷണല്‍ ട്രസ്റ്റ് ആക്ട് പിൻവലിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം. പ്രധാനമന്ത്രിക്ക് കത്തയക്കാൻ ഒരുങ്ങുകയാണ് രക്ഷകര്‍ത്താക്കളുടെ കൂട്ടായ്മ. ഉദ്ദേശിച്ച ഫലം ഉണ്ടാകുന്നില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നാഷണല്‍ ട്രസ്റ്റ് ആക്ട് പിൻവലിക്കാൻ കേന്ദ്രം ഒരുങ്ങുന്നത്.

നാഷണല്‍ ട്രസ്റ്റ് ആക്ട് പിൻവലിക്കാൻ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളെ പേടിപ്പെടുത്തുന്നു. ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പുവരുത്താൻ 1999ലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത്. കുട്ടികള്‍ക്ക് ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്, മാതാപിതാക്കളുടെ മരണശേഷം കളക്ടറുടെ നേതൃത്വത്തില്‍ സുരക്ഷ ഉറപ്പുവരുത്തുക എന്നീ കാര്യങ്ങളെല്ലാം ഇതുവഴി നടന്നിരുന്നു. എന്നാല്‍  കഴിഞ്ഞ 20 വര്‍ഷത്തെ പ്രവര്‍ത്തനം നോക്കിയാല്‍ രാജ്യത്ത് എല്ലായിടത്തും ഈ നിയമം ഫലപ്രദമായി നടന്നിട്ടില്ലെന്നാണ് നീതി ആയോഗിന്‍റെ വിലയിരുത്തല്‍. അധിക പണച്ചെലവും ഉണ്ടാക്കുന്നു. ഈ സാഹചര്യത്തില്‍ നാഷണല്‍ ട്രസ്റ്റ് അക്കൗണ്ട് പിൻവലിച്ച് പകരം ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം സാമൂഹ്യ നീതി മന്ത്രാലയത്തിലേക്ക് ലയിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യം. ഇതിനായി പഠനം നടക്കുന്നു.

കേരളത്തില്‍ 288 സ്പെഷ്യല്‍ സ്കൂളുകളാണ് ഉള്ളത്. 60000ലധികം വിദ്യാര്‍ത്ഥികളും. നാഷണല്‍ ട്രസ്റ്റ് ആക്ട് നിലനിര്‍ത്തണം എന്നാവശ്യപ്പെട്ട് ഇവരുടെ രക്ഷിതാക്കള്‍ അടുത്ത ചൊവ്വാഴ്ച പ്രധാന മന്ത്രിക്ക് കൂട്ടത്തോടെ കത്തയക്കും.
 

click me!