ലേബര്‍ കോഡിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം, സംസ്ഥാനത്ത് ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ പരിപാടികള്‍

Published : Nov 26, 2025, 06:58 AM ISTUpdated : Nov 26, 2025, 07:02 AM IST
India New Labour Codes

Synopsis

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ലേബർ കോഡിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം. സംയുക്ത കിസാന്‍ മോര്‍ച്ചയും സംയുക്ത തൊഴിലാളി യൂണിയനും അടക്കമുളള പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ലേബർ കോഡിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം. സംയുക്ത കിസാന്‍ മോര്‍ച്ചയും സംയുക്ത തൊഴിലാളി യൂണിയനും അടക്കമുളള പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജില്ലാ അടിസ്ഥാനത്തിലാണ് പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സംയുക്ത കിസാൻ മോർച്ച കളക്ടർമാർക്ക് നിവേദനം നൽകും. ലേബര്‍ കോഡ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നതിന് പുറമെ പ്രഖ്യാപിച്ച താങ്ങുവില ഉറപ്പാക്കുക, സംസ്ഥാനങ്ങൾക്ക് സംഭരണത്തിനായി കൂടുതൽ തുക അനുവദിക്കുക എന്നീ കാര്യങ്ങളും നിവേദനത്തില്‍ ചൂണ്ടിക്കാട്ടും. കേരളത്തില്‍ സിഐടിയുവും ഐഎന്‍ടിയുസിയും ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ സദസ് സംഘടിപ്പിക്കും. തൊഴില്‍ നിയമങ്ങള്‍ കോര്‍പറേറ്റ് അനുകൂല കോഡുകളാക്കി മാറ്റാനാണ് ബിജെപി ശ്രമം എന്നാണ് പ്രതിപക്ഷ ആരോപണം.

അതിനിടെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ നിയമത്തിലെ വിവാദ വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നതിനായി കേന്ദ്രം തയാറായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എതിർപ്പുന്നയിച്ച യൂണിയനുകളോട് ചർച്ച നടത്താനും നിർദേശങ്ങൾ ആവശ്യപ്പെടാനും കേന്ദ്ര തൊഴിൽ മന്ത്രാലയം തയാറാകുമെന്നാണ് വിവരം. 26 തൊഴിൽ നിയമങ്ങൾ പൊളിച്ചാണ് കേന്ദ്രസർക്കാർ പുതിയ തൊഴില്‍ നിയമം പ്രബല്യത്തില്‍ കൊണ്ടുവന്നത്. കേന്ദ്ര സർക്കാരിന്‍റെ നാല് ലേബർ കോഡുകൾക്കെതിരെ പരസ്യ പ്രതിഷധം ശക്തമാക്കാനാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ തീരുമാനം. കർഷക സമരത്തിന് നേതൃത്ത്വം നൽകിയ സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയും പ്രതിഷേധത്തിന്‍റെ ഭാഗമാകും. 

ആകെ തൊഴിലാളികളുടെ പത്ത് ശതമാനമോ 100 ജീവനക്കാരോ ഉണ്ടെങ്കില്‍ മാത്രമേ ട്രേഡ് യൂണിയന് പ്രവർത്തനം അനുവദിക്കുവെന്നതടക്കമുള്ള കർശന നിയന്ത്രണങ്ങളെയും സംഘടനകൾ എതിർക്കുന്നുണ്ട്.അതേസമയം, പുതിയ പരിഷ്കാരത്തെ ചരിത്രപരമെന്നാണ് കേന്ദ്ര തൊഴിൽമന്ത്രിയും വിശേഷിപ്പിച്ചത്. നിയമന ഉത്തരവ്, ന്യായമായ വേതനം, വനിതകൾക്ക് തുല്യ വേതനം, സാമൂഹിക സുരക്ഷ, ​ഒരുവർഷം പൂർത്തിയാക്കിയവർക്ക് ​ഗ്രാറ്റുവിറ്റി, പ്രായമായവർക്ക് വാർഷിക ശാരീരിക പരിശോധന, അധിക തൊഴിൽ സമയത്തിന് ഇരട്ടി വേതനം, ആരോ​ഗ്യസുരക്ഷ മുതലായവ പരിഷ്കാരത്തിലൂടെ തൊഴിലാളികൾക്ക് ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

 

 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആരോഗ്യനില മോശമായി: രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു
കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്