
തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് ഫണ്ട് നൽകേണ്ടതില്ലെന്ന് നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു. നഗരസഭ ഭരിക്കുന്ന യുഡിഎഫും പ്രതിപക്ഷത്തുള്ള ബിജെപിയും വിയോജനക്കുറിപ്പ് എഴുതി. എൽഡിഎഫ് അംഗങ്ങൾ അനുകൂലിച്ചെങ്കിലും ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. നഗരസഭയിൽ യുഡിഎഫ് 17, ബി ജെ പി 8 , എൽഡിഎഫ് 16 എന്നതാണ് കക്ഷി നില. ഡിസംബർ ആറിനാണ് മണ്ഡലത്തിൽ നവകേരള സദസ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി ഒരു ലക്ഷം രൂപ വരെ തനത് ഫണ്ടിൽ നിന്നും അനുവദിക്കാമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, നഗരസഭാ സെക്രട്ടറി ഇതിനായി കൗൺസിലിൽ അനുമതി തേടിയിരുന്നു. എന്നാൽ കൗൺസിലിൽ ഭൂരിപക്ഷം അംഗങ്ങളും വിയോജിക്കുകയായിരുന്നു.
നവകേരളാ സദസ്സ് സംഘടിപ്പിക്കാനായി തനതു ഫണ്ടില്‍ നിന്നും പണം നല്‍കാമെന്ന ഉത്തരവ് അംഗീകരിക്കാനാവില്ലെന്നാണ് യുഡിഎഫ് ഭരണസമിതികളുടെ നിലപാട്. ബജറ്റ് വിഹിതം പോലും കിട്ടാതെ പാടുപെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉത്തരവ് കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് ആശങ്ക. നവകേരളാ സദസ്സ് സംഘടിപ്പിക്കുന്നതിനും പ്രചാരണത്തിനുമായി അതത് സംഘാടക സമിതികള്‍ ആവശ്യപ്പെടുന്ന മുറക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടില്‍ നിന്നും പണം ചെലവഴിക്കാമെന്നാണ് സർക്കാർ ഉത്തരവില്‍ പറയുന്നത്. ഗ്രാമപഞ്ചായത്തുകള്‍ക്ക് 50000 രൂപ വരേയും മുനിസിപ്പാലിറ്റികൾക്കും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ഒരു ലക്ഷം രൂപ വരെയും ചെലവിടാം. കോര്‍പ്പറേഷനുകള്‍ക്ക് രണ്ട് ലക്ഷം രൂപയും ജില്ലാ പഞ്ചായത്തുകള്‍ക്ക് മൂന്ന് ലക്ഷം രൂപയുമാണ് ചെലവാക്കാവുന്ന തുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഭാഗികമായോ പൂര്‍ണ്ണമായോ ഉള്‍പ്പെടുന്ന ഏത് നിയോജക മണ്ഡലത്തിലും പണം ചെലവഴിക്കാമെന്നാണ് ഉത്തരവിലുള്ളത്. ഫലത്തില്‍ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം രണ്ട് നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ടാല്‍ രണ്ടിടത്തും പണം അനുവദിക്കേണ്ടി വരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിലവിലുള്ള കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam