
കൊച്ചി: മട്ടാഞ്ചേരി പഴയ തോപ്പുംപടി പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ യുവാവിനെ നാവികസേനാ ഉദ്യോഗസ്ഥർ ജീവൻ പണയം വച്ച് രക്ഷിച്ചു. ദക്ഷിണ നാവിക സേനയിലെ നേവൽ എയർ സ്ക്വാഡ്രൺ 322 ലെ ലീഡിംഗ് എയർക്രാഫ്റ്റ്മാൻ റിങ്കു, നാവികസേനയിലെ പെറ്റി ഓഫീസറായ പ്രജാപതി എന്നിവരുടെ സമയോചിത ഇടപെടലിലാണ് കായലിൽ ചാടിയ വ്യക്തിയെ സമയോചിതമായി കരക്കെത്തിക്കാൻ സാധിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വീട്ടിൽ നിന്നും ഡ്യൂട്ടിക്കായി ദക്ഷിണ നാവികസേനാ ആസ്ഥാനത്തേക്ക് വരികയായിരുന്നു റിങ്കു. ഈ സമയത്താണ് പഴയ തോപ്പുംപടി പാലത്തിൽ ആൾക്കൂട്ടം കണ്ടത്. ആരോ ഒരാൾ കായലിലേക്ക് ചാടിയെന്നായിരുന്നു ഇവരിൽ നിന്ന് റിങ്കു മനസിലാക്കിയത്. ഉടൻ തന്നെ റിങ്കു കായലിലേക്ക് ചാടി.
കായലിൽ മരണത്തെ മുഖാമുഖം കണ്ടുനിൽക്കുകയായിരുന്ന യുവാവിനെ ചേർത്തുപിടിച്ച റിങ്കു, ഇയാളെ കരയിലേക്ക് നീന്താൻ സഹായിച്ചു. ഈ സമയത്ത് സഹായത്തിനായി രണ്ട് ബോട്ടുകൾക്ക് നേരെ റിങ്കു കൈവീശിയിരുന്നു. ഇത് കണ്ടാണ് പ്രജാപതി ഇവിടേക്ക് എത്തിയത്. റിങ്കുവിനെയും യുവാവിനെയും കണ്ടയുടൻ, പ്രജാപതിയും കായലിലേക്ക് ചാടി. ഇരുവരും ചേർന്നാണ് യുവാവിനെ കരയിലേക്ക് എത്തിച്ചത്.
കായലിൽ നിന്നും 15 അടിയോളം ഉയരെയുള്ള റോഡ് വരെ പ്രജാപതി, യുവാവിനെ ചുമന്ന് കയറി. അപ്പോഴേക്കും അപകട വിവരമറിഞ്ഞ് ആംബുലൻസ് സ്ഥലത്തെത്തിയിരുന്നു. ഇയാളെ ആംബുലൻസിലേക്ക് മാറ്റിയ ശേഷം കൂടിനിന്നവരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയാണ് രണ്ട് ഉദ്യോഗസ്ഥരും ദക്ഷിണ നാവികസേനാ ആസ്ഥാനത്തേക്ക് പോയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam