നയന സൂര്യന്‍റെ മരണം; പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഗുരുതര പിഴവ്, കഴുത്തിലെ ഉരഞ്ഞ പാടിന്‍റെ നീളത്തിൽ തെറ്റ്

Published : Apr 20, 2023, 06:43 AM IST
നയന സൂര്യന്‍റെ മരണം; പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഗുരുതര പിഴവ്, കഴുത്തിലെ ഉരഞ്ഞ പാടിന്‍റെ നീളത്തിൽ തെറ്റ്

Synopsis

നയനയുടെ മരണം കഴുത്ത് ഞെരിച്ചുളള കൊലപാതകമാണെന്ന് സംശയമുയർത്തിയത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ഈ വരിയായിരുന്നു    

തിരുവനന്തപുരം : യുവ സംവിധായക നയന സൂര്യന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഗുരുതര പിഴവ്. നയനയുടെ കഴുത്തില്‍ കാണപ്പെട്ട ഉരഞ്ഞ പാടിന്‍റെ നീളം രേഖപ്പെടുത്തിയതിലാണ് പിഴവുണ്ടായതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. 31. 5 സെൻറിമീറ്റർ നീളത്തിൽ ഉരഞ്ഞ പാടുണ്ടെന്നായിരുന്നുവെന്നാണ് ഡോ. ശശികല തയ്യാറാക്കിയ പോസ്റ്റുമോ‍ർട്ടം റിപ്പോർട്ട്. എന്നാലിത് റിപ്പോര്‍ട്ട് ടൈപ്പ് ചെയ്തിതിലുണ്ടായ പിഴവെന്നാണ് ഡോക്ടർ ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി. നയനയുടെ മരണം കഴുത്ത് ഞെരിച്ചുളള കൊലപാതകമാണെന്ന് സംശയമുയർത്തിയത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ഈ വരിയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം മുൻ മേധാവിയായിരുന്ന ഡോ.ശശികല തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഗുരുതര പിഴവുണ്ടായത്. നയനയുടെ കഴുത്തിൽ രണ്ട് ഉരഞ്ഞ പാടുകളുണ്ടെന്നായിരുന്നു റിപ്പോർട്ട്. 31.5 സെൻറിമീറ്റർ പാടും, 0.2x.2 സെൻിമീറ്ററുള്ള മറ്റൊരു പാടും. 31.5 സെൻറിമീറ്റർ പാടാണ് കൊലപാതക സംശയം ബലപ്പെടുത്തിയത്. പുതപ്പോ, കയറോ കൊണ്ട് നയനയുടെ കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്നായിരുന്നു സംശയം. കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്നായിരുന്ന ഡോ.ശശികലയുടെ നിഗമനവും. സ്വയം കഴുത്തു ഞെരിച്ചതാകാമെന്ന നിഗമനത്തിലാണ് ലോക്കൽ പൊലിസ് അന്വേഷണം അവസാനിപ്പിച്ചതും. 

ലോക്കൽ പൊലിസോ, വിവാദമായതിന് ശേഷം ആദ്യ അന്വേഷണത്തിലെ പിഴവുകള്‍ പരിശോധിച്ച ഡിസിആ‍ർബി അസി.കമ്മീഷണറോ ഈ ഗുരുതരപിഴവ് കണ്ടെത്തിയില്ല. ഇപ്പോള്‍ അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് നയനയുടെ മൃതദേഹത്തിൻെറ ഫോട്ടോ പരിശോധിച്ചപ്പോഴാണ് സംശയമുണ്ടായത്. കഴുത്തിൽ ഞെരിഞ്ഞമർന്നതിന്റെയോ മുറിക്കിയതിന്റേതോ ആയ സമാനമായ പാടുകള്‍ ഫോട്ടോയിലുണ്ടായിരുന്നില്ല. ഇതേ തുടർന്ന് പോസ്റ്റുമോർട്ടം വർക്ക് ബുക്ക് പരിശോധിച്ചു. ഈ കുറിപ്പിൽ നയനയുടെ കഴുത്തിലുണ്ടായിരുന്നത് 1.5 സെൻറിമീറ്റർ പാടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ഇതിൻെറ അടിസ്ഥാനത്തിൽ ഡോ.ശശികലയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. ടൈപ്പ് ചെയ്തതിലെ പിഴവാണെന്ന് ഡോക്ടർ ക്രൈം ബ്രാഞ്ചിനിനോട് സമ്മതിച്ചു. പോസ്റ്റുമോർട്ടം റിപ്പോ‍ർട്ട് കൃത്യമായി പരിശോധിക്കാതെയും വ്യക്തമായ അനുമാനങ്ങളിലെത്താതെ പോയതുമാണ് നയനസൂര്യൻെറ മരണത്തിലെ ദുരൂഹതകള്‍ ആളി കത്തിക്കാൻ ഇടയാക്കിയതെന്നാണ് അന്വേഷണ സംഘത്തിൻെറയും നിഗമനം. ഇതോടെ മ്യൂസിയം പൊലിസിൻെറ ആദ്യ അന്വേഷണത്തിലുണ്ടായ പിഴവുകള്‍ വീണ്ടും അടിവരയിടുന്നു. 

ഡോ.ശശികലയുടെ പോസ്റ്റുമോർട്ടം നിഗനങ്ങളിൽ വ്യക്തത വരുത്താനായ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് കൊലപാതക സാധ്യത തള്ളി. കഴുത്തിനേറ്റ പരിക്കല്ല മരണത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് ഡോക്ടർമാരുടെ സംഘം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ടൈപ്പ് ചെയ്തപ്പോഴുണ്ടായ പിഴവ് സമ്മതിക്കുന്ന മൊഴിയും മെഡിക്കൽ ബോ‍ഡിന് മുന്നിൽ ക്രൈം ബ്രാഞ്ച് വച്ചിരുന്നു. എന്താണ് മരണകാരണമെന്നത് വിശദമായ ചർച്ചക്കു ശേഷം വിദ​ഗ്ധ സംഘം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകും.

PREV
click me!

Recommended Stories

കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുന്നത് 500 കോടി സ്യൂട്ട്കേസിലാക്കി കൊടുക്കുന്നവരെ, ആരോപണവുമായി നവജോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യ; ഏറ്റെടുത്ത് ബിജെപി
നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്