
മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് (Drug party) പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെ പിടിയിലായ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ്റെ (Shah rukh khan) മകൻ ആര്യൻ ഖാൻ്റെ (aryan khan) ജാമ്യാപേക്ഷയെ എതിർത്ത് എൻസിബി.
ലഹരിക്കേസിൽ ആര്യന് പങ്കില്ലെന്ന് ജാമ്യാപേക്ഷയിലെ വാദം കോടതിയിൽ എൻസിബി തള്ളി. ലഹരി പിടിച്ചില്ല എന്നതോ ,കുറഞ്ഞ അളവിൽ പിടിച്ചു എന്നതോ ആര്യൻ്റെ നിരപരാധിത്വത്തിന് തെളിവല്ലെന്ന് എൻ.സി.ബിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ആര്യൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച എൻസിബി റെയ്ഡിനിടെ പിടിയിലായ പ്രതികൾക്കെല്ലാം പരസ്പരം ബന്ധമുണ്ടെന്നും പറഞ്ഞു.
ലഹരികേസിലെ വിദേശബന്ധമടക്കം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയ എൻസിബി ആര്യൻഖാൻ സ്വാധീനശക്തിയുള്ള ആളാണെന്നും ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. നീതിന്യായ വ്യവസ്ഥയിൽ നിന്നും ആര്യൻഖാൻ ഒളിച്ചോടാനും സാധ്യതയുണ്ട്. ആര്യൻ ഖാൻ അടക്കമുള്ള പ്രതികൾ ലഹരിമാഫിയയുടെ ഭാഗമാണെന്നും പ്രതികൾക്കെതിരെ വാട്സ്ആപ്പ് ചാറ്റുകളിൽ കൃത്യമായ തെളിവുകൾ ഉണ്ടെന്നും എൻസിബി കോടതിയിൽ പറഞ്ഞു.
എന്നാൽ ലഹരി വാങ്ങാനോ വിൽക്കാനുള്ള പദ്ധതി ആര്യൻ ഖാന് ഇല്ലായിരുന്നുവെന്ന് ആര്യൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ലഹരി വസ്തുക്കൾ വാങ്ങാനുള്ള പണമോ വിൽക്കാനുള്ള ലഹരിവസ്തുവോ ആര്യൻ്റെ പക്കൽ ഇല്ലായിരുന്നുവെന്നും പരിപാടിയുടെ സംഘടാകർ ക്ഷണിച്ച പ്രകാരം അതിഥിയായാണ് ആര്യൻ കപ്പലിൽ എത്തിയതെന്നും അഭിഭാഷകർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam