
കോട്ടയം: ഉന്നത എൻസിസി ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം എൻ സി സി ഓഫിസിലെ ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എം.എൻ. സാജനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയത്തെ എൻസിസി ആസ്ഥാനത്തോട് ചേർന്ന സ്വകാര്യ മുറിയിൽ 12.30 യോടെയാണ് മൃതദേഹം കണ്ടത്. വൈക്കം സ്വദേശിയാണ് സാജൻ.
മരണ കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. കോട്ടയം കഞ്ഞികുഴിയിലെ എൻ സി സി ഗ്രൂപ്പ് ഓഫീസിൽ ആണ് സംഭവം. എൻസിസിയുടെ കോട്ടയം ഗ്രൂപ്പിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനാണ് സാജൻ. 2021 സെപ്തംബറിലാണ് എൻസിസിയിൽ ഡെപ്യൂട്ടേഷനിൽ സാജൻ എത്തിയത്. എൻസിസിയിൽ വരും മുൻപ് കരസേനയുടെ ഗൂർഖ റജിമെന്റിലെ കമാൻഡറായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം.
ബിജെപി പാർലമെന്ററി ബോർഡിൽനിന്ന് നിതിൻ ഗഡ്കരിയും ശിവരാജ് സിങ് ചൗഹാനും പുറത്ത്
ദില്ലി: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും ബിജെപിയുടെ ഉന്നത തീരുമാനങ്ങളെടുക്കുന്ന പാർലമെന്ററി ബോർഡിൽ നിന്നൊഴിവാക്കി. കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ ഉൾപ്പെടുത്തുകയും ചെയ്തു. പാർലമെന്ററി ബോർഡ് പുനസ്സംഘടനനയിൽ പുതുമുഖങ്ങളെയും ഉൾപ്പെടുത്തി. പ്രധാനമന്ത്രി, മുഖ്യമന്ത്രമാർ, അധ്യക്ഷന്മാർ എന്നിവരെ തീരുമാനിക്കുന്ന ഉന്നത പാർട്ടി സമിതിയാണ് പാർലമെന്ററി ബോർഡ്.
അപ്രതീക്ഷിതമായാണ് നിതിൻ ഗഡ്കരിയെ സുപ്രധാന സമിതിയിൽ നിന്ന് ഒഴിവാക്കിയത്. ഇത് പാർട്ടി പ്രവർത്തകർക്കിടിയിൽ തന്നെ ഞെട്ടലുണ്ടാക്കി. നരേന്ദ്ര മോദിയുടെ സർക്കാരിലെ സീനിയർ മന്ത്രിമാരിൽ ഒരാളായ ഗഡ്കരി മുൻ ബിജെപി അധ്യക്ഷനാണ്. ഇതുവരെ, പാർട്ടി മുൻ അധ്യക്ഷന്മാരെ സമിതിയിൽ നിലനിർത്തുന്നതായിരുന്നു കീഴ്വഴക്കം. മുൻ ബിജെപി അധ്യക്ഷൻ കൂടിയായ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്ററി ബോർഡിൽ ഉൾപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ നിർബന്ധിതനായ കർണാടക ബിജെപി നേതാവും 77കാരനായ ബിഎസ് യെദിയൂരപ്പ സമിതിയിൽ ഉൾപ്പെട്ടതും അപ്രതീക്ഷിതമാണ്. പാർട്ടിയുടെ അപ്രഖ്യാപിത പ്രായപരിധിയായ 75 വയസ്സ് പിന്നിട്ടിയാളാണ് യെദിയൂരപ്പ. കർണാടകയിൽ സ്വാധീനമുള്ള യെദിയൂരപ്പ അസന്തുഷ്ടനാണെന്നും അദ്ദേഹത്തെ തൃപ്തിപ്പെടുത്താനാണ് സമിതിയിൽ ഉൾപ്പെടുത്തിയതെന്നും ബിജെപി വൃത്തങ്ങൾ പറയുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അസമിലെ ഉന്നത നേതാവും മുൻ മുഖ്യമന്ത്രിയുമായ സർബാനന്ദ സോനോവാളിനെ പാർലമെന്ററി ബോർഡിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ശിവസേന വിമതനായ ഏക്‌നാഥ് ഷിൻഡെക്കൊപ്പം മഹാരാഷ്ട്രയിൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ ഉപമുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസിനെയും തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.