
തിരുവനന്തപുരം:ദേശീയ നേതൃത്വം ഇടപെട്ടിട്ടും എൻസിപിയിൽ മന്ത്രിമാറ്റ ചര്‍ച്ച കീറാമുട്ടി. മന്ത്രി മാറിവരുന്നതിൽ മുഖ്യമന്ത്രിക്ക് താൽപര്യമില്ലെന്ന കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് എകെ ശശീന്ദ്രൻ പ്രതികരിച്ചപ്പോൾ മുഖ്യമന്ത്രിയെ നേരിട്ടു കാണുമെന്നാണ് തോമസ് കെ തോമസിന്‍റെ പ്രതികരണം. മുഖ്യമന്ത്രിയുടേയും സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെയും നിലപാട് ദില്ലിയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രകാശ് കാരാട്ട് ശരദ് പവാറിനേയും അറിയിച്ചതായാണ് വിവരം.
രണ്ടര വര്‍ഷം കഴിയുമ്പോൾ മന്ത്രിമാറ്റമെന്നത് പാര്‍ട്ടിക്കുള്ളിലെ ധാരണയാണെന്ന് പറഞ്ഞ് എൻസിപി കേരള ഘടകത്തിൽ തോമസ് കെ തോമസ് പടയൊരുക്കം തുടങ്ങിയിട്ട് മാസങ്ങളായി. എകെ ശശീന്ദ്രനൊപ്പം നിന്ന പിസി ചാക്കോ തോമസ് കെ തോമസ് പക്ഷത്തേക്ക് ചുവട് മാറിയതോടെയാണ് ദേശീയ നേതൃത്വം ഇടപെടൽ ശക്തമാക്കിയതും. തോമസ് കെ തോമസ് മന്ത്രിസഭയിലേക്ക് എത്തുന്നതിൽ മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന നേതൃത്വത്തിനും താൽപര്യം പോര. ഇത് മുന്നിൽ കണ്ടാണ് മന്ത്രിസ്ഥാനം ഒഴിയാമെന്നും പകരം മന്ത്രിയില്ലാത്ത സാഹചര്യം ഉണ്ടാകരുതെന്നും എകെ ശശീന്ദ്രൻ ഓര്‍മ്മിപ്പിക്കുന്നത്. മന്ത്രി സ്ഥാനം ഒഴിയാമെന്ന മുൻ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു എകെ ശശീന്ദ്രൻ.
മുന്നണി സംവിധാനത്തിൽ ആര് മന്ത്രിയാകാണമെന്ന് തീരുമാനിക്കേണ്ടത് അതാത് പാര്‍ട്ടികളല്ലേ എന്നാണ് തോമസ് കെ തോമസിന്‍റെ ചോദ്യം. പവാറിന്‍റെ പിന്തുണ ഉറപ്പാക്കിയാണ് മുഖ്യമന്ത്രിയെ കാണാൻ തോമസ് കെ തോമസ് എത്തുന്നതും.മന്ത്രിമാറ്റത്തെ മുന്നണിയും അനുകൂലിക്കുന്നില്ല. എകെ ശശീന്ദ്രൻ നല്ല മന്ത്രിയാണെന്നായിരുന്നു ഇടതുമുന്നണി കൺവീനറുടെ നിലപാട്.
ദില്ലിയിലും സംസ്ഥാനത്തും ചര്‍ച്ചകൾ തുടരും. പക്ഷെ മുഖ്യമന്ത്രിയുടേയും സിപിഎം സംസ്ഥാന ഘടകത്തിന്‍റെയും മനസിലിരുപ്പ് കഴിഞ്ഞ ദിവവസത്തെ കൂടിക്കാഴ്ചയിൽ പ്രകാശ് കാരാട്ട് തന്നെ ശരദ് പവാറിനെ അറിയിച്ച സാഹചര്യത്തിൽ മന്ത്രിമാറ്റം വേണോ മന്ത്രിതന്നെ ഇല്ലാതിരിക്കണോ എന്ന ചോദ്യം എൻസിപി നേതൃത്വത്തെ കുഴക്കുന്നതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam