
കോഴിക്കോട്: എംടി പറഞ്ഞത് കേരളവും മുന്നിൽ കണ്ടുകൊണ്ടാണ് എംടിയുടെ സുഹൃത്തും സാഹിത്യകാരനുമായി എൻഇ സുധീർ. എംടിയെക്കുറിച്ച് അറിയാത്തവരാണ് സംശയിക്കുന്നതെന്നും രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്നയാളാണ് എംടി എന്നും സുധീർ വ്യക്തമാക്കി. ഓരോ വാക്കും അളന്ന് മുറിച്ചാണ് പറയുന്നത്. എനിക്ക് ചിലത് പറയാനുണ്ടെന്ന് എം ടി പ്രസംഗത്തിന് മുന്നേ പറഞ്ഞിരുന്നു എന്നും സുധീർ വ്യക്തമാക്കി.
കോഴിക്കോട്ടെ സാഹിത്യോല്‍സവ വേദിയില്‍ എംടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തില്‍ നീറിപ്പുകയുകയാണ് കേരളം. എം ടി പറഞ്ഞതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ള മുന്നറിയിപ്പു കൂടി ഉണ്ടെന്നും വ്യക്തിപൂജയ്ക്ക് വിധേയരാകുന്ന നേതാക്കൾ തന്നെ അത് പാടില്ലെന്ന് അണികളോട് പറയാന്‍ തയ്യാറാകണമെന്നും കവി സച്ചിദാനന്ദന്‍ അഭിപ്രായപ്പട്ടു. അതേസമയം, എംടി പറഞ്ഞത് രാജ്യത്ത് രൂപപ്പെട്ടുവരുന്ന അമിതാധികാരത്തെക്കുറിച്ചാണെന്നായിരുന്നു സിപിഎം സഹയാത്രികരായ സാഹിത്യകാരന്‍മാരുടെ പ്രതികരണം.
സാഹിത്യോല്‍സവ വേദിയിലെ ഉദ്ഘാടന ചടങ്ങില്‍ നടത്തിയ മുഖ്യപ്രഭാഷണത്തില്‍ എംടി തൊടുത്തുവിട്ട രാഷ്ട്രീയ വിമര്‍ശനത്തില്‍ ആടിയുലഞ്ഞ് രാഷ്ട്രീയ കേരളം. രാഷ്ട്രീയ മൂല്യച്യുതിയില്‍ തുടങ്ങി റഷ്യയിലെ കമ്യൂണിസത്തിന്‍റെ തകര്‍ച്ച സൂചിപ്പിച്ച് വ്യക്തിപൂജയില്‍ അഭിരമിക്കാതിരുന്ന ഇഎംഎസിനെ ഉദാഹരിച്ചതൊന്നും കേരളത്തെയോ സിപിഎമ്മിനെയോ പിണറായിയോ ഉദ്ദേശിച്ചല്ലെന്ന് സിപിഎം നേതൃത്വം നിലപാടെടുക്കുമ്പോഴാണ് എംടിയുടെ സുഹൃത്തുക്കളും സച്ചിദാനന്ദൻ അടക്കമുളള സാഹിത്യകാരന്‍മാരും കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
എനിക്ക് ചിലത് പറയാനുണ്ടെന്ന് എം ടി പ്രസംഗത്തിന് മുന്നേ പറഞ്ഞിരുന്നുവെന്നും ഇത്ര ശക്തമായ രാഷ്ട്രീയ വിമര്‍ശനമാകും അതെന്ന് കരുതിയിരുന്നില്ലെന്നുമായിരുന്നു എംടിയുടെ സുഹൃത്തും നിരൂപകനുമായ എന്‍ഇ സുധീറിന്‍റെ പ്രതികരണം. എംടി പറഞ്ഞത് ഒരു ഒരു വ്യക്തിയെക്കുറിച്ചാണെന്നത് വ്യാഖ്യാനം മാത്രമാണെന്നും എന്നാല്‍ എം ടി പറഞ്ഞതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ള മുന്നറിയിപ്പുണ്ടെന്നും കെ സച്ചിദാനന്ദന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എംടിയെ പിന്തുണച്ച് ജോയ് മാത്യു, ഹരീഷ് പേരടി തുടങ്ങിയവരും രംഗത്തെത്തി. എന്നാല്‍ , എംടി പറഞ്ഞത് രാജ്യത്ത് രൂപപ്പെട്ടുവരുന്ന അമിതാധികാരത്തെക്കുറിച്ചാണെന്നും വഴിയിലൂടെ പോകുന്നതിനെ എന്തിനെയും പിണറായി വിജയനെതിരെ ഉപയോഗിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നതിന്‍റെ തെളിവാണിതെന്നുമായിരുന്നു സിപിഎം സഹയാത്രികനായ അശോകന്‍ ചെരുവിലിന്‍റെ പ്രതികരണം.
അതിനിടെ,തന്‍റെ വാക്കുകൾ സംസ്ഥാന സർക്കാരിനെയോ മുഖ്യമന്ത്രിയെയോ ഉദ്ദേശിച്ചല്ലെന്ന് എംടി വിശദീകരിച്ചെന്ന വ്യാഖ്യാനവുമായി സിപിഎം മുഖപത്രമായ ദേശാഭിമാനി രംഗത്തത്തി. റഷ്യയിലടക്കമുള്ള സാഹചര്യങ്ങൾ പരാമർശിച്ചത് കേരളത്തെ സൂചിപ്പിക്കാനല്ലെന്നും ദേശാഭിമാനി പറയുന്നു.