
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്‍റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. രാജ്കുമാറിനെ നിയമ വിരുദ്ധമായി കസ്റ്റഡിയിലെടുത്ത എസ്പി, ഡിവൈഎസ്പി എന്നിവർക്കെതിരെ നടപടിവേണമെന്നും ഹർജിയിൽ കുടുംബം ആവശ്യപ്പെട്ടു. രാജ്കുമാറിനെ റിമാൻഡ് ചെയ്തതിൽ മജിസ്ട്രേറ്റിനും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർക്കും വീഴ്ച പറ്റിയതായും ഹർജിയിൽ ആരോപിക്കുന്നുണ്ട്. ഹർജിയിൽ തിങ്കളാഴ്ച കോടതി വാദം കേൾക്കും.
ജൂണ്‍ 21-നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്‍റിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ്കുമാർ പീരുമേട് സബ്‍ ജയിലിൽ മരിച്ചത്. കസ്റ്റഡി മർദ്ദനത്തെത്തുടർന്നാണ് രാജ്‍കുമാർ മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണത്തെ ശരിവയ്ക്കുന്നതായിരുന്നു പിന്നീട് വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കേസില്‍ എസ്ഐ കെ എ സാബുവടക്കം നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്.
അതേസമയം, രാജ്‍കുമാറിന്‍റെ മൃതദേഹം ഒരാഴ്ചയ്ക്കകം റീപോസ്റ്റുമോര്‍ട്ടം ചെയ്യുമെന്ന് ജുഡിഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറഞ്ഞു. കേസ് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ നാരായണക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം ജയില്‍ ഉദ്യോഗസ്ഥരില്‍ നിന്നും സഹതടവുകാരില്‍ നിന്നും മൊഴിയെടുത്തു. നെടുങ്കണ്ടത്ത് വച്ച് ക്രൂരമർദ്ദനമേറ്റതായി രാജ്‌കുമാർ പറഞ്ഞിരുന്നെന്ന് സഹതടവുകാരന്‍ ജുഡിഷ്യല്‍ കമ്മീഷനോട് വെളിപ്പെടുത്തി. ഈർക്കിൽ, മുളക് പ്രയോഗങ്ങൾ നടന്നതായി രാജ്‌കുമാർ പറഞ്ഞെന്നും സഹതടവുകാരന്‍റെ വെളിപ്പെടുത്തി.
ജയില്‍ ഡിഐജി നടത്തിയ വകുപ്പ് തല അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ഉടന്‍ ആവശ്യപ്പെടുമെന്നും നാരായണക്കുറുപ്പ് പറഞ്ഞു. രാജ്‍കുമാറിന്‍റെ കൊലപാതകത്തിൽ സബ് ജയിൽ അധികൃതരുടെ വീഴ്ച വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ജയിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റുകയും അസിസ്റ്റന്‍റ് ജയിൽ വാർഡനെ സസ്പെൻഡ് ചെയ്യുകയും താത്കാലിക ജീവനക്കാരനെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam