നെടുങ്കണ്ടം കസ്റ്റഡിമരണം; കൂടുതൽ അറസ്റ്റിനൊരുങ്ങി ക്രൈംബ്രാഞ്ച്

By Web TeamFirst Published Jul 9, 2019, 6:09 AM IST
Highlights

മർദ്ദിച്ചവരെയും തെളിവ് നശിപ്പിച്ചവരെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്യാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം. 

ഇടുക്കി: രാജ്‍കുമാറിനെ കസ്റ്റഡിയിൽ മർദ്ദിച്ച് കൊന്ന കേസിൽ കൂടുതൽ അറസ്റ്റിനൊരുങ്ങി ക്രൈംബ്രാഞ്ച്. മർദ്ദിച്ചവരെയും തെളിവ് നശിപ്പിച്ചവരെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്യാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം. അതേസമയം, കസ്റ്റഡിക്കൊലയിൽ പ്രതിഷേധിച്ച് സിപിഐ ഇന്ന് നെടുങ്കണ്ടം സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.

ഒമ്പതോളം പൊലീസുകാർ രാജ്കുമാറിനെ കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ചെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഇതിൽ എസ്ഐ അടക്കം നാല് പേർ അറസ്റ്റിലായി. മർദ്ദിച്ച ബാക്കിയുള്ളവരെ കൂടെ ഉടൻ അറസ്റ്റ് ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. സ്റ്റേഷൻ റെക്കോർഡുകളിൽ തിരിമറി നടത്തി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചവരെയും അറസ്റ്റ് ചെയ്യും. എസ്ഐ സാബുവിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണസംഘം ഇന്ന് പീരുമേട് കോടതിയിൽ അപേക്ഷ നൽകുന്നുണ്ട്. കസ്റ്റഡിയിൽ ലഭിച്ചാലുടൻ ചോദ്യം ചെയ്ത് ബാക്കിയുള്ളവരുടെ അറസ്റ്റിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. 

അതേസമയം, കസ്റ്റഡിക്കൊലയിൽ പ്രതിഷേധിച്ച് സിപിഐ ഇന്ന് നെടുങ്കണ്ടം സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. എസ്പിക്കെതിരായ നടപടി കുറഞ്ഞുപോയെന്നാണ് സിപിഐയുടെ പ്രധാന വിമർശനം. സിപിഐ നേരിട്ട് സമരത്തിനിറങ്ങുന്നത് സർക്കാരിനും ക്ഷീണമാകും. കേസിലെ നാലാം പ്രതി സിപിഒ സജീവ് ആന്റണിയുടെ ജാമ്യാപേക്ഷ ഇന്ന് തൊടുപുഴ കോടതിയിൽ എത്തുന്നുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗം ജോർജ് കുര്യൻ രാവിലെ 11 മണിയോടെ രാജ് കുമാറിന്റെ വീട്ടിൽ സന്ദർശനം നടത്തുന്നുമുണ്ട്.

click me!