Latest Videos

സംസ്ഥാനസർക്കാർ സ്ഥിരം ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനം നീട്ടി

By Web TeamFirst Published Mar 21, 2019, 4:59 PM IST
Highlights

സാങ്കേതിക കാര്യങ്ങളിൽ വീണ്ടും  ചർച്ചകൾ വേണമെന്നാണ് യോഗ തീരുമാനം. അടുത്ത യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡിജിപി അറിയിച്ചു. യാത്രക്കാരുടെ എണ്ണം, കരാർ വ്യവസ്ഥകൾ, എയർപോർട്ട് അതോററ്റിയുമായുള്ള ധാരണ എന്നിവയിൽ കൂടുതൽ ചർച്ചകൾ ഉണ്ടാകും. 27ന് വിഷയം ചർച്ച ചെയ്യാൻ വീണ്ടും യോഗം ചേരും.

തിരുവനന്തപുരം: സംസ്ഥാനത്തിനായി സ്ഥിരമായി ഹെലികോപ്റ്റർ വാടകക്കെടുക്കുന്ന കാര്യത്തിൽ ഇനിയും ചർച്ചകൾ വേണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതിന്‍റെ സാമ്പത്തിക വശം പരിശോധിക്കാൻ ഇന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷമാണ് ഡിജിപിയുടെ പ്രതികരണം. 

സാങ്കേതിക കാര്യങ്ങളിൽ വീണ്ടും  ചർച്ചകൾ വേണമെന്നാണ് യോഗ തീരുമാനം. അടുത്ത യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡിജിപി അറിയിച്ചു. യാത്രക്കാരുടെ എണ്ണം, കരാർ വ്യവസ്ഥകൾ, എയർപോർട്ട് അതോറിറ്റിയുമായുള്ള ധാരണ എന്നിവയിൽ കൂടുതൽ ചർച്ചകൾ ഉണ്ടാകും. 27-ന് വിഷയം ചർച്ച ചെയ്യാൻ വീണ്ടും യോഗം ചേരും.

പലപ്പോഴായി മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റർ യാത്രകൾ വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. തൃശൂരിൽ പാർട്ടി സമ്മേളനത്തിൽ നിന്നും പിണറായി വിജയൻ തിരുവനന്തപുരത്തേക്ക് നടത്തിയ ഹെലികോപ്റ്റർ യാത്ര വിവാദമായതിന് പിന്നാലെയാണ് സംസ്ഥാനത്തിന് സ്വന്തമായി ഹെലികോപ്റ്റർ എന്ന ചർച്ചകള്‍ സജീവമായത്. വി എസ് സർക്കാരിന്‍റെ കാലത്ത് തള്ളികളഞ്ഞ ശുപാർശ വീണ്ടും സജീവമാക്കാനുള്ള നീക്കം തുടങ്ങിയത് പൊലീസ് ആസ്ഥാനത്തു നിന്നുമായിരുന്നു

മാവോയിസ്റ്റ് വിരുദ്ധപോരാ‍ട്ടത്തിനും പ്രകൃതിക്ഷോഭങ്ങളുണ്ടാകുമ്പോള്‍ അടിയന്തര സേവനങ്ങളെത്തിക്കാനും ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുകയോ വാങ്ങുകയോ ചെയ്യണമെന്നായിരുന്നു ഡിജിപിയുടെ ശുപാർശ. പ്രളയം വന്നതോടെ ഹെലികോപ്റ്റർ ചർച്ച വീണ്ടും സജീവമായി. ചിപ്സണ്‍, പവൻഹാസൻസ് കോർപ്പറേഷൻ എന്നീ രണ്ടു കമ്പനികള്‍ പൊലീസിനെ സമീപിച്ചു. 

രണ്ട് കമ്പനികളിൽ ഒന്നിന് കരാ‍ർ നൽകണമെന്ന പൊലീസ് ആസ്ഥാനത്തെ ശുപാർശ ആഭ്യന്തരവകുപ്പ് ആദ്യം നിരാകരിച്ചു. ഇവർ നൽകിയ വാടക നിരക്ക് കൂടുതലായതിനാൽ ടെണ്ടർ വിളിക്കണമെന്നായിരുന്ന ആഭ്യന്തരവകുപ്പ് നിലപാട്. ഇതേ തുടർന്നാണ് കരാർ, സാമ്പത്തിക കാര്യങ്ങള്‍ എന്നിവയിൽ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിതല യോഗം വിളിക്കാൻ തീരുമാനിച്ചത്. ചീഫ് സെക്രട്ടറിയെ കൂടാതെ ആഭ്യന്തര സെക്രട്ടറി, ഡിജിപി, പൊതുഭരണ സെക്രട്ടറി, വ്യോമായാനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ എന്നിവരും ഇന്നത്തെ ചർച്ചയിൽ പങ്കെടുത്തു.

പ്രതിമാസം നിശ്ചിത തുക വാടക സംസ്ഥാനം നൽകും, എപ്പോള്‍ ആവശ്യപ്പെട്ടാലും കരാർ പ്രകാരമുളള മണിക്കൂറുകള്‍ ഹെലികോപ്റ്റർ പറത്താൻ കമ്പനികള്‍ തയ്യാറണമെന്നാകും വ്യവസ്ഥ. പൊലീസിന്‍റെ പ്രവർത്തനങ്ങള്‍ ഇല്ലാത്തപ്പോള്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രകൾക്കും ഹെലികോപ്റ്റർ ഉപയോഗിക്കും എന്നിങ്ങനെയായിരുന്നു ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതിലെ വ്യവസ്ഥകൾ, ഇതനുസരിച്ച് ഹെലികോപ്റ്റർ ഉപയോഗിച്ചില്ലെങ്കിലും കമ്പനിക്ക് പണം കൊടുക്കേണ്ടിവരും.

click me!