മെഡിക്കൽ പിജി അലോട്മെന്റ് നീട്ടിയതിൽ വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ, ഡിസംബർ 2 മുതൽ സമരം

By Web TeamFirst Published Nov 30, 2021, 9:54 PM IST
Highlights

ഡിസംബർ രണ്ട് മുതൽ അത്യാഹിത വിഭാഗങ്ങളിൽ മാത്രമേ ജോലിക്ക് ഹാജരാകൂ. മറ്റിടങ്ങളിൽ ജോലി ബഹിഷ്കരിക്കും. ഭാവി നടപടികൾ ഇതര സംഘടനകളുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു


തിരുവനന്തപുരം: മെഡിക്കൽ പിജി അലോട്മെന്റ് നാലാഴ്ചത്തേക്ക് കൂടി നീട്ടിവെച്ച സുപ്രീം കോടതി തീരുമാനത്തിനെതിരെ കേരള മെഡിക്കൽ പിജി അസോസിയേഷൻ. കൊവിഡ് കാലത്ത് കടുത്ത ആൾക്ഷാമം നേരിടുന്നുണ്ടെന്നും പിജി അലോട്മെന്റ് വൈകുന്നത് സ്ഥിതി സങ്കീർണമാക്കുമെന്നും അവർ കുറ്റപ്പെടുത്തി.

ശാരീരികമായും മാനസികമായും കടുത്ത സമ്മർദ്ദത്തിലാണ് പിജി വിജ്യാർത്ഥികളുള്ളത്. പരീക്ഷ അടുത്തിരിക്കെ കൊവിഡിന്റെ മൂന്നാം തരംഗത്തിന് ഒമിക്രോൺ കാരണമായേക്കുമെന്ന ഭീതി കൂടിയുണ്ട്. കേന്ദ്രസർക്കാരും സുപ്രീം കോടതിയും ഇപ്പോഴത്തെ സ്ഥിതി പുനപരിശോധിക്കാൻ തയ്യാറാകണം. അലോട്മെന്റ് വേഗം പുനരാരംഭിക്കണം. നീറ്റ് - പിജി 2021 റാങ്ക് ജേതാക്കളെ രാജ്യത്തെ ആരോഗ്യസംവിധാനത്തിന്റെ ഭാഗമാക്കി ഉടൻ മാറ്റണമെന്നും അസോസിയേഷൻ ആവസ്യപ്പെട്ടു.

ഡിസംബർ രണ്ട് മുതൽ അത്യാഹിത വിഭാഗങ്ങളിൽ മാത്രമേ ജോലിക്ക് ഹാജരാകൂ. മറ്റിടങ്ങളിൽ ജോലി ബഹിഷ്കരിക്കും. ഭാവി നടപടികൾ ഇതര സംഘടനകളുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. നീറ്റ് പി.ജി. കൗണ്‍സിലിംഗിന്റെ തുടരെത്തുടരെയുള്ള മാറ്റിവയ്ക്കല്‍ മെഡിക്കല്‍ പി.ജി. അഡ്മിഷനായി കാത്തിരുന്ന പതിനായിരക്കണക്കിന് ഡോക്ടര്‍മാര്‍ക്ക് വലിയ ആശങ്ക ഉണ്ടാക്കുന്നു. 2021 ജനുവരിയില്‍ നടക്കേണ്ടിയിരുന്ന പിജി നീറ്റ് പരീക്ഷ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ തുടര്‍ന്ന് സെപ്റ്റംബറില്‍ മാത്രം നടത്തുകയും തുടര്‍ന്ന് കൗണ്‍സിലിഗ് വഴി അഡ്മിഷനായി കാത്തിരുന്ന അനേകം എം.ബി.ബി.എസ്. ഡോക്ടര്‍മാരാണ് പ്രതിസന്ധിയിലായത്. 

കോവിഡ് മഹാമാരിയെ നേരിടുന്നതിനായി ജീവന്‍ പോലും പണയം വെച്ച് പോരാടിയ ഈ മുന്നണി പോരാളികള്‍ക്ക് വലിയ നിരാശ ഉളവാക്കുന്നതാണ് ഈ തീരുമാനം. ഇനിയും 2022 ജനുവരി ആറിന് ശേഷം മാത്രമേ കൗണ്‍സലിംഗ് പുനരാരംഭിക്കുകയുള്ളൂ എന്ന തീരുമാനം വഴി 2021-ല്‍ നടക്കേണ്ട മെഡിക്കല്‍ പി.ജി. അഡ്മിഷനുകള്‍ ഇല്ലാതാവുകയാണ്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല ആരോഗ്യപരിപാലനരംഗത്തും ഈ തീരുമാനം പ്രതിസന്ധികള്‍ ഉണ്ടാക്കും. 2021-ല്‍ പി.ജി. എന്‍ട്രന്‍സ് നടക്കാതിരിക്കുന്നതോടെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവ് രാജ്യത്താകമാനം ഉണ്ടാകും.

click me!