നെഹ്റു ട്രോഫി വള്ളംകളി: രണ്ടാം സ്ഥാനക്കാരെ പ്രഖ്യാപിച്ചില്ല, പുന്നമട ബോട്ട് ക്ലബ് കളക്ടർക്ക് പരാതി നൽകി

Published : Sep 02, 2025, 08:45 AM IST
nehru trophy boat race

Synopsis

പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനാണ് രണ്ടാമത് എത്തിയത്. മാനദണ്ഡങ്ങൾ പാലിച്ചാണ് മത്സരത്തിൽ പങ്കെടുത്തതെന്ന് പുന്നമട ബോട്ട് ക്ലബ്‌.

ആലപ്പുഴ: 71-ാമത് നെഹ്രു ട്രോഫി വള്ളംകളിയിൽ രണ്ടാം സ്ഥാനത്തേക്കുള്ള ഫല പ്രഖ്യാപനം തടഞ്ഞതിൽ പരാതി. പുന്നമട ബോട്ട് ക്ലബ്ബ് ജില്ലാ കളക്ടർക്ക് പരാതി നൽകി. പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനാണ് രണ്ടാമത് എത്തിയത്. ഫിനിഷിങ് ഒരു സെക്കന്‍റിൽ താഴെ വ്യത്യാസത്തിലാണ്.

മാനദണ്ഡങ്ങൾ പാലിച്ചാണ് മത്സരത്തിൽ പങ്കെടുത്തതെന്ന് പുന്നമട ബോട്ട് ക്ലബ്‌ പ്രതികരിച്ചു. ട്രോഫി നൽകാത്തത് ആക്ഷേപിക്കുന്നതിന് തുല്യമാണ്. ഫൈനലിന് മുൻപ് ചീഫ് ഒബ്സർവർ പരിശോധന നടത്തിയിരുന്നു. വ്യാജ പരാതിയുടെ പേരിൽ ട്രോഫി തടഞ്ഞു വെയ്ക്കരുതെന്നും പുന്നമട ബോട്ട് ക്ലബ് ആവശ്യപ്പെട്ടു.

പുന്നമട ബോട്ട് ക്ലബ്‌ അനധികൃതമായി ഇതര സംസ്ഥാനത്തെ തുഴച്ചിലുകാരെ തിരുകി കയറ്റിയെന്നായിരുന്നു പരാതി. മൂന്നാം സ്ഥാനത്തെത്തിയ പള്ളാത്തുരിത്തി ബോട്ട് ക്ലബ്‌ ആണ് പരാതി നൽകിയത്. പരാതി വന്ന സാഹചര്യത്തിൽ രണ്ട്, മൂന്ന് സ്ഥാനത്തെ ഫലം പ്രഖ്യാപിച്ചിരുന്നില്ല. നിരണം ചുണ്ടനെതിരെയും മറ്റു ടീമുകൾ പരാതി നൽകിയിരുന്നു.

കപ്പടിച്ചത് വീയപുരം ചുണ്ടൻ

നെഹ്റു ട്രോഫി വള്ളം കളിയിൽ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച് വീയപുരം ചുണ്ടനാണ്. വാശിയേറിയ മത്സരത്തിൽ ഫോട്ടോ ഫിനിഷിലാണ് വീയപുരത്തിന്‍റെ കിരീട നേട്ടം. വിബിസി കൈനകരിയുടേതാണ് വീയപുരം ചുണ്ടൻ. കഴിഞ്ഞ തവണ മില്ലിസെക്കൻഡിൽ കൈവിട്ടുപോയ കിരീടമാണ് ഇത്തവണ നേടിയെടുത്തത്.

ഒന്നാം ട്രാക്കിൽ മേൽപ്പാടം, രണ്ടാം ട്രാക്കിൽ നിരണം, മൂന്നാം ട്രാക്കിൽ നടുഭാഗം, 4ാം ട്രാക്കിൽ വീയപുരം എന്നിങ്ങനെയാണ് അണിനിരന്നത്. വാശിയേറിയ മത്സരത്തിൽ പുന്നമട ബോട്ട്ക്ലബിന്റെ നടുഭാ​ഗം രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്ത് പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടവും നാലാം സ്ഥാനത്ത് നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടനും എത്തി. വീയപുരം - 4:21.084, നടുഭാഗം - 4.21.782, മേൽപ്പാടം - 4.21.933, നിരണം - 4:22.035 എന്നിങ്ങനെയാണ് ഫിനിഷിങ് പോയിന്റിൽ എത്തിച്ചേരാനെടുത്ത സമയം.

21 ചുണ്ടൻ വള്ളങ്ങൾ അടക്കം 71 വള്ളങ്ങളാണ് മത്സരിച്ചത്. കുറ്റമറ്റ സ്റ്റാർട്ടിങും ഫിനിഷിങും ഉറപ്പാക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള പരാതികൾ ഒഴിവാക്കാൻ ഇത്തവണ വെർച്വൽ ലൈനോടു കൂടിയ ഫിനിഷിങ് സംവിധാനമാണ് ഏർപ്പെടുത്തിയത്.

 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ