
കോഴിക്കോട്: സമസ്തയിലെ വിഭാഗീയ പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ സമിതിയെ നിയോഗിച്ചു. സമസ്ത അധ്യക്ഷൻ ജിഫ്രിമുത്തുക്കോയ തങ്ങളും ലീഗ് അധ്യക്ഷൻ പാണക്കാട് സ്വാദിഖ് അലി തങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ മലപ്പുറത്തായിരുന്നു അനുനയ സമിതിയെ പ്രഖ്യാപിച്ചത്.
സമസ്തയിലെ ലീഗുകാരും ഇടത് അനുഭാവികളും- എന്നായിരുന്നു വിഭാഗീയത വേരുറച്ചു പോയപ്പോൾ, ഇരുവിഭാഗങ്ങൾക്കും കിട്ടിയ മേൽവിലാസം. അസ്വാരസ്യങ്ങൾ സമസ്തയിലെ പോഷക സംഘടനകളിലൂടെ താഴെത്തട്ടിൽ വരെ വേരൂന്നി. സമസ്ത നൂറാം വാര്‍ഷികം ആഘോഷിക്കാനിരിക്കെ വിഭാഗീയത പടര്‍ന്നുപിടിച്ചു. മുസ്ലിം ലീഗിന് മുന്നിൽ തദ്ദേശ തെരഞ്ഞെടുപ്പ് എന്ന കടമ്പയുണ്ട്. സമസ്തയിലെ വിഭാഗീയത ലീഗിനും തലവേദനയാണ്. പലകുറി അനുനയ നീക്കങ്ങൾ നടന്നിട്ടും ഫലം കാണാത്തത്ര ആഴത്തിലുള്ളതാണ് വിഭാഗീയത. ഒടുവിൽ വിഷയം പരിഹരിക്കാനുറച്ചാണ് പുതിയ ശ്രമവുമായി മുന്നോട്ട് പോവുന്നത്. പ്രശ്ന പരിഹാരത്തിന് പുതിയ സമിതിയെ നിയോഗിച്ചു കഴിഞ്ഞു. ജിഫ്രി തങ്ങളും സാദിഖലി തങ്ങളും മലപ്പുറത്ത് നടത്തിയ കൂടിക്കാഴ്ചയിൽ ഒമ്പതംഗ സമിതിയെ നിയോഗിക്കുകയായിരുന്നു.
ഇരു തങ്ങന്മാര്‍ക്കും പുറമെ, സമസ്ത മുശാവറ അംഗങ്ങളായ എംടി അബ്ദുള്ള മുസ്ലിയാര്‍, കൊയ്യോട് ഉമർ മുസ്ലിയാർ, മൂസക്കുട്ടി ഹസ്രത്ത് എന്നിവരേയും അംഗങ്ങളാക്കി. മൂസക്കുട്ടി ഹസ്രത്തിനെ പ്രശ്ന പരിഹാരത്തിന് നിയോഗിച്ചതിൽ തന്നെ പ്രതീക്ഷയെന്ന് വിലയിരുത്തുന്നുണ്ട് ഇരുവിഭാഗവും. പികെ കുഞ്ഞാലിക്കുട്ടിക്ക് പുറമെ മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം സൈനുൽ ആബിദീൻ സഫാരിയും സമിതിയിലുണ്ട്. ഇരു ചേരികളിലേയും പ്രധാനികളായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരും അനുനയ ചര്‍ച്ചകളിലുണ്ടാകും.
നൂറാം വാര്‍ഷിക സംഘാടനത്തിൽ തുല്യ പങ്കാളിത്തം, സുപ്രഭാതം നടത്തിപ്പിലെ പ്രാതിനിത്യം, കീഴ്വഴക്കം അനുസരിച്ച് പാണക്കാട്ടെ വലിയ തങ്ങളെ മുശാവറയിലെ ക്ഷണിതാവാക്കൽ, വ്യവസ്ഥകൾ പുതിയ സമിതിക്ക് മുന്നിലും ഇതൊക്കെ തന്നെയാവും. പക്ഷേ, നൂറാം വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി ജിഫ്രി തങ്ങളുടെ കേരള പര്യടനം ഡിസംബറിൽ തുടങ്ങും. അതിന് മുന്നേ പരമാവധി സമവായം ആണ് ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നതിന് മുൻപേ പ്രശ്നം തീര്‍ക്കാൻ ലീഗിനും ധൃതിയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam