
തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖല സ്ഥാപനമായ കെഎസ്ഐഇയില്‍ വീണ്ടും നിയമന വിവാദം. കാലാവധി കഴിഞ്ഞ എംഡി, സര്‍ക്കാര്‍ ഉത്തരവില്ലാതെ തല്‍സ്ഥാനത്ത് തുടരുന്നതാണ് പുതിയ വിവാദത്തിന് വഴിവച്ചത്. എന്നാല്‍ പുതിയ നിയമന ഉത്തരവ് ഇറങ്ങുന്നതിന് സാങ്കേതിക കാലതാമസം മാത്രമാണുളളതെന്നും സ്ഥാനത്ത് തുടരുന്നതില്‍ അസ്വാഭാവികത ഇല്ലെന്നുമാണ് എംഡിയുടെ വിശദീകരണം.
ഇക്കഴിഞ്ഞ മാര്‍ച്ച് 18നാണ് ഭൂഗര്‍ഭജല വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന വി ജയകുമാര്‍ പിളളയെ സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസിന്‍റെ എംഡിയായി സര്‍ക്കാര്‍ നിയമിച്ചത്. ജയകുമാര്‍ പിളള സര്‍വീസില്‍ നിന്ന് വിരമിക്കും വരെയാണ് എംഡി സ്ഥാനത്തെ നിയമനമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. ഈ ഉത്തരവനുസരിച്ചാണെങ്കില്‍ മെയ് 31ന് എംഡി സ്ഥാനത്ത് ജയകുമാര്‍ പിളളയുടെ കാലാവധി അവസാനിച്ചു. എന്നാല്‍ സര്‍വീസ് കാലാവധി അവസാനിച്ച് ഒരു മാസം കഴിയാറായിട്ടും ജയകുമാര്‍ പിളള കെഎസ്ഐഇയുടെ എംഡി സ്ഥാനത്ത് തുടരുകയാണ്. സര്‍ക്കാര്‍ ഉത്തരവുകളുടെയൊന്നും പിന്‍ബലമില്ലാതെയാണ് പൊതുമേഖല സ്ഥാപനത്തിന്‍റെ തലപ്പത്ത് ജയകുമാര്‍ പിളള തുടരുന്നതെന്നാണ് ആരോപണം.
നയപരമായ വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ എംഡിക്ക് കഴിയുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ എംഡി സ്ഥാനത്ത് താന്‍ തന്നെ തുടരാനുളള തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും ഉത്തരവിറങ്ങാനുളള കാലതാമസം മാത്രമാണ് പ്രശ്നമെന്നുമുളള വാദമാണ് ജയകുമാര്‍ പിളള ഉയര്‍ത്തുന്നത്. സ്ഥാപനത്തിന്‍റെ പുരോഗതി ലക്ഷ്യമിട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ അസംതൃപ്തിയുളളവരാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും ജയകുമാര്‍ പിളള പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam