
കണ്ണൂർ: ജനിതക മാറ്റം വന്ന വൈറസ് ലോകത്ത് പടരുന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ കേരളത്തിൽ മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. യുകെയിൽ നിന്ന് വന്നവർക്ക് ഈ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് ഇത് വരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. പരിശോധനയ്ക്കായി സാമ്പിളുകൾ പൂനെയിലേക്ക് അയച്ചിട്ടുണ്ടെന്നും എപ്പോഴാണ് ഫലം വരികയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും പറഞ്ഞ ആരോഗ്യമന്ത്രി ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചാലും ചികിത്സ പ്രോട്ടോക്കോൾ പഴയത് തന്നെയായിരിക്കുമെന്ന് വ്യക്തമാക്കി.
കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ കൊവിഡ് രോഗബാധയുടെ തോത് ഉയർന്നേക്കാമെന്ന അനുമാനത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്കൂൾ തുറക്കുന്നതോടെ പല ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻ്ററുകളും തുറന്ന് കൊടുക്കേണ്ടി വരുമെന്നും പകരം സംവിധാനം ഒരുക്കുമെന്നും കെ കെ ശൈലജ അറിയിച്ചു.
ഇനി ആശുപത്രികളിൽ കൊവിഡ് ചികിത്സയും കൊവിഡേതര ചികിത്സയും ഒരുമിച്ച് നടത്തേണ്ടി വരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അതിവേഗം പടരുന്ന ജനിതകമാറ്റം വന്ന കൊവിഡ് രാജ്യത്ത് സ്ഥിരീകരിച്ചതോടെ സംസ്ഥാനവും അതിജാഗ്രതയിലാണ്. കേന്ദ്ര നിര്‍ദേശ പ്രകാരം കഴിഞ്ഞ ഒമ്പതാം തീയ്യതി മുതല്‍ ബ്രിട്ടനില്‍ നിന്നെത്തിയ എല്ലാവരേയും കേരളത്തില്‍ പരിശോധിക്കുന്നുണ്ട്. 1500ലേറെപ്പേരാണ് ഇക്കാലയളവില്‍ കേരളത്തിലെത്തിയതെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. ഇവരെയല്ലാം പിസിആര്‍ പരിശോധനക്ക് വിധേയരാക്കും.
രോഗം കണ്ടെത്തിയവരെ പ്രത്യേകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവര്‍ക്ക് വലിയ സമ്പർക്ക പട്ടിക ഉണ്ടായിട്ടില്ലെന്നതാണ് ആശ്വാസം. അതുകൊണ്ട് ഇവരില്‍ നിന്ന് വലിയ തോതിലുള്ള വ്യാപനം ഈ ഘട്ടത്തില്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ.
തീവ്രവ്യാപന ശേഷിയുള്ള പുതിയ വൈറസിന് വൈറൽ ലോഡും കൂടുതലാണ്. കേരളം പോലെ ജനസാന്ദ്രതയുള്ള ഒരു സ്ഥലത്ത് വൈറസിൻ്റെ വ്യാപനമുണ്ടായാൽ രോഗം വലിയ തോതില്‍ പടരും. രോഗബാധിതരുടെ എണ്ണം കൂടിയാൽ ആശുപത്രികളില്‍ ചികില്‍സ നല്‍കാനാകാത്ത സ്ഥിതിയുമുണ്ടാകും. പുതിയ വൈറസ് മാരകമല്ലെങ്കിലും മറ്റ് അസുഖങ്ങളുള്ളവരിലെ രോഗ ബാധ മരണനിരക്കും കൂട്ടും. ഇതാണ് കേരളത്തിന്‍റെ ആശങ്ക ഉയര്‍ത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam