സൈക്കിളില്ലാത്ത കുട്ടികള്‍ക്കെല്ലാം പുത്തന്‍ സൈക്കിള്‍; നടന്നത് 'കായംകുളം കൊച്ചുണ്ണി' മോഡല്‍ മോഷണം

By Athira PNFirst Published Oct 22, 2019, 2:47 PM IST
Highlights

രാഹുലിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കായംകുളം കൊച്ചുണ്ണി സ്റ്റൈലിലുള്ള കിടിലൻ ഒരു ട്വിസ്റ്റ് പുറത്തു വന്നത്. 

കോട്ടയം: ചങ്ങനാശ്ശേരിക്കടുത്തു പായിപ്പാട് വേങ്കോട്ടയില്‍ ഗോഡൗണില്‍നിന്നും സൈക്കിളുകള്‍ മോഷണം പോയ സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. സംഭവത്തില്‍ അറസ്റ്റിലായ പത്തൊമ്പതുകാരനെ ചോദ്യം ചെയ്തപ്പോഴാണ് 'കായംകുളം കൊച്ചുണ്ണി' മോഡല്‍ മോഷണത്തെക്കുറിച്ച് പുതിയ വിവരം പുറത്തായത്. മോഷ്ടിച്ചവ സൈക്കിള്‍ ഇല്ലാത്ത പാവപ്പെട്ട കുട്ടികള്‍ക്ക് വെറുതെ നല്‍കുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. 

38 സൈക്കിളുകളാണ് ഇവിടെ ഗോഡൗണില്‍നിന്നും മോഷണം പോയത്. ബാങ്ക് ജീവനക്കാര്‍ ജപ്തിചെയ്ത് സീല്‍ ചെയ്ത ഒരു സൈക്കിള്‍ ഗോഡൗണില്‍ നിന്നുമാണ് സൈക്കിളുകള്‍ മോഷണം പോയത്. 

പായിപ്പാട് വേങ്കോട്ടയില്‍ അന്നുവരെ സൈക്കിള്‍ ഇല്ലാതിരുന്ന കുട്ടികളുടെയെല്ലാം കൈയ്യില്‍ നല്ല കിടിലന്‍ സൈക്കിളുകള്‍ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. . പല മോഡലുകളിലും പല നിറങ്ങളിലുള്ള വിവിധ കമ്പനികളുടെ സൈക്കിളുകള്‍. എന്താണ് സംഭവിച്ചതെന്നോ എങ്ങനെയാണ് കുട്ടികള്‍ക്കെല്ലാം പുതിയ സൈക്കിള്‍ ലഭിച്ചതെന്നോ ആര്‍ക്കും പിടികിട്ടിയില്ല. നാട്ടിലൊക്കെ ഇക്കാര്യം ചര്‍ച്ചയായി. രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സംഭവത്തിലെ ട്വിസ്റ്റ് പൊലീസ് പുറത്തു കൊണ്ടു വന്നു. സൈക്കിള്‍ ഗോഡൗണില്‍ നിന്നും മോഷണം പോയതായിരുന്നു ഈ സൈക്കിളുകളെല്ലാം.

മോഷണക്കേസില്‍ വെങ്കോട്ടമുണ്ടുകുഴി സ്വദേശി രാഹുല്‍ എന്ന പത്തൊമ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കായംകുളം കൊച്ചുണ്ണി സ്‌റ്റൈലിലുള്ള മോഷണ രഹസ്യം പുറത്തായത്. മോഷ്ടിച്ച സൈക്കിളുകളില്‍ ഒരെണ്ണം പോലും ആര്‍ക്കും വിറ്റില്ലെന്നാണ് രാഹുല്‍ മൊഴി നല്‍കിയത്. സൈക്കിള്‍ ഇല്ലാത്ത പാവപ്പെട്ട കുട്ടികള്‍ക്ക് മോഷ്ടിച്ച സൈക്കിളുകള്‍ നല്‍കുകയായിരുന്നുവെന്നും രാഹുല്‍ പൊലീസിനോട് പറഞ്ഞു. 

'നഷ്ടപ്പെട്ട 38 സൈക്കിളുകളില്‍ ഏകദേശം ഇരുപത്തിരണ്ട് എണ്ണം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഒരെണ്ണം പോലും രാഹുല്‍ പണം വാങ്ങി വില്‍പ്പന നടത്തിയിട്ടില്ല. അവ സൈക്കിളില്ലാത്ത കുട്ടികള്‍ക്ക് നല്‍കുകയായിരുന്നു'-കേസ് അന്വേഷിക്കുന്ന സിഐ സാജു വര്‍ഗീസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

ഇനിയും സൈക്കിള്‍ ഇല്ലാത്ത കുട്ടികളുണ്ടെങ്കില്‍ ഗോഡൗണില്‍ കയറി എടുത്തു കൊള്ളാന്‍ പറയുകയുകയും ചെയ്തതായി രാഹുല്‍ പൊലീസിനോട് പറഞ്ഞു. രാഹുല്‍ പറഞ്ഞത് കേട്ട് സൈക്കിളില്ലാത്ത കുട്ടികളും ഗോഡൗണില്‍ കയറിയെടുത്തു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.മോഷണകേസില്‍ രാഹുല്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
 

click me!