അശോക് ചവാന്‍ സമിതി റിപ്പോർട്ട് നല്‍കി; പുതിയ കെപിസിസി അധ്യക്ഷനെ വൈകാതെ പ്രഖ്യാപിക്കും

By Web TeamFirst Published Jun 2, 2021, 6:49 AM IST
Highlights

അണികളുടെ വിശ്വാസം നേടാൻ നേതൃത്വത്തിനായില്ലെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. റിപ്പോർട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ കെപിസിസിയുടെ പുതിയ അധ്യക്ഷനെ വൈകാതെ പ്രഖ്യാപിക്കും. 

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോൽവിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ സമിതി ഹൈക്കമാന്‍ഡിന് റിപ്പോർട്ട് നല്‍കി. അണികളുടെ വിശ്വാസം നേടാൻ നേതൃത്വത്തിനായില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍. റിപ്പോർട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ കെപിസിസിയുടെ പുതിയ അധ്യക്ഷനെ വൈകാതെ പ്രഖ്യാപിക്കും. 

ആകാംക്ഷകൾക്ക് വിരാമമിട്ട് കെപിസിസി പ്രസിഡന്റ് പ്രഖ്യാപനം ഉടനുണ്ടായേക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം ഒഴിഞ്ഞ സാഹചര്യത്തിൽ പ്രഖ്യാപനം നീളില്ലെന്നാണ് സൂചന. എന്നാൽ ആരാകണം പുതിയ അധ്യക്ഷൻ എന്നതിനെക്കുറിച്ച് ഹൈക്കമാൻഡ് കേരള നേതാക്കളുമായി കാര്യമായ കൂടിയാലോചനകൾ ഒന്നും നടത്തിയിട്ടില്ല. നേതാക്കളിൽ കെ സുധാകരനാണ് മുൻ‌തൂക്കമുളളത്. പ്രവർത്തകരുടെ പിന്തുണ സുധാകരനാണെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. ആരാകണം കെപിസിസി പ്രസിഡന്റ് എന്നതിൽ ഹൈക്കമാൻഡിന് മുന്നിൽ കൂടുതൽ പേർ ഉന്നയിച്ചത് കെ സുധാകരന്റെ പേരായിരുന്നു. 

എന്നാൽ, ഒരു വിഭാഗം സുധാകരനെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ശൈലി ഭാവിയിൽ പാർട്ടിക്ക് വിനയാകുമെന്നാണ് ചില നേതാക്കൾ നേതൃത്വത്തെ അറിയിച്ചത്. സുധാകരനെ എതിർക്കുന്ന ഇമെയിലുകളിൽ അടൂർ പ്രകാശിൻ്റെയും കെ ബാബുവിൻ്റെയും പേരുകളാണ് നിർദ്ദേശിക്കുന്നത്. കൊടിക്കുന്നിൽ സുരേഷിന്റെ പേരും ഇടയ്ക്ക് പരിഗണയിൽ വന്നിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!