
കോഴിക്കോട്: ഐ ടി പാർക്കുകളിൽ അടക്കം മദ്യം ഒഴുക്കി കേരളത്തെ നശിപ്പിക്കാനുള്ള സർക്കാർ നീക്കം അത്യന്തം അപകടകരമാണെന്നു കോഴിക്കോട്ട് ചേർന്ന കെ എൻ എം സംസ്ഥാന ഉന്നതാധികാരസമിതി അഭിപ്രായപ്പെട്ടു. പുതിയ മദ്യനയം കൊണ്ടു സർക്കാർ ഉദ്ദേശിക്കുന്നത് വികസനമാണെങ്കിൽ ഏറ്റവും വലിയ അബദ്ധത്തിലാണ് സർക്കാർ ചെന്നുവീഴുന്നതെന്നും അവർ വിമർശിച്ചു.
മദ്യ വരുമാനം കൊണ്ട് ഉണ്ടാക്കുന്ന ഏതു പുരോഗമനത്തിനും ആയുസ്സില്ലെന്നും കെ എൻ എം പറഞ്ഞു. നാട്ടിൽ നന്മയും ധാർമികതയും ആഗ്രഹിക്കുന്നവരെ നിരാശരാക്കുന്നതാണ് പുതിയ മദ്യനയം. ടൂറിസത്തിന്റെ പേരിൽ കേരളത്തെ മദ്യമാഫിയക്ക് തീറെഴുതികൊടുക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണം. കേരളം വിവിധ ലഹരികളുടെ പിടിയിലമർന്ന് നശിച്ചു കൊണ്ടിരിക്കുമ്പോൾ വളർന്നുവരുന്ന തലമുറയെ കുരുതി കൊടുക്കുന്ന സർക്കാർ സമീപനം അപകടമാണെന്നും കെ എൻ എം പറഞ്ഞു.
റമദാനിൽ സംസ്ഥാന തലത്തിൽ നടത്തുന്ന പരിപാടികൾക്ക് സമിതി രൂപം നൽകി. സംസ്ഥാനത്തെ എല്ലാ മഹല്ലുകളിലും ഖുർ ആൻ പഠന ക്ലാസ്സ് നടക്കും. അതിനു വേണ്ടി പ്രത്യേക നിർദ്ദേശങ്ങൾ അടങ്ങിയ പുസ്തകം പുറത്തിറക്കി. യൂണിറ്റ് തലങ്ങളിൽ സൗഹൃദ സംഗമങ്ങൾ നടക്കും. ഏപ്രിൽ 10 നു കോട്ടക്കലിൽ റമദാൻ സംഗമം നടക്കും. കേരളത്തിലും ഉത്തരേന്ത്യയിലും നടപ്പിലാക്കുന്ന കെ എൻ എം ഇഫ്ത്വാർ കിറ്റ് പദ്ധതി വിജയിപ്പിക്കാൻ
കെ എൻ എം ആവശ്യപ്പെട്ടു. യോഗത്തിൽ എം മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam