'പാർലമെന്‍റ് കെട്ടിടത്തിൽ പൂജ നടത്തുമ്പോൾ 2 കിലോമീറ്റർ ദൂരെ...'; പുതിയ ഇന്ത്യയുടെ പൗരർ അവരാണെന്ന് എം എ ബേബി

Published : May 28, 2023, 06:36 PM IST
'പാർലമെന്‍റ് കെട്ടിടത്തിൽ പൂജ നടത്തുമ്പോൾ 2 കിലോമീറ്റർ ദൂരെ...'; പുതിയ ഇന്ത്യയുടെ പൗരർ അവരാണെന്ന് എം എ ബേബി

Synopsis

ദില്ലിയിലെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാപിച്ച ചെങ്കോൽ ജാതി - ജന്മി - നാടുവാഴി ഭരണത്തിന്റെ പ്രതീകമാണ്.

കൊല്ലം: ആർഎസ്എസുകാരുടെ ആശയദാരിദ്ര്യം ആണ് ദില്ലിയിൽ കണ്ടതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. അവസാനം പ്രത്യക്ഷത്തിൽ തന്നെ ബ്രാഹ്മണ പൗരോഹിത്യത്തെയും  ജാതി - ജന്മി - നാടുവാഴി മേധാവിത്വത്തെയും പരസ്യമായി പുല്‍കുകയല്ലാതെ അവർക്ക് മറ്റ് മാർഗങ്ങൾ ഇല്ല. വിശാല ഹിന്ദു ഐക്യം എന്നൊക്കെയുള്ള മുഖംമൂടി ഇവിടെ അഴിഞ്ഞു വീഴുന്നു. ദില്ലിയിലെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാപിച്ച ചെങ്കോൽ ജാതി - ജന്മി - നാടുവാഴി ഭരണത്തിന്റെ പ്രതീകമാണ്.

അത്തരം ഗതകാല പ്രതീകങ്ങൾ കൊണ്ട് ഒരു ആധുനിക രാജ്യത്തിന് മുന്നോട്ടു പോകാൻ കഴിയില്ല. മോദി പുതിയ പാർലമെന്റ് കെട്ടിടത്തിൽ പൂജ നടത്തുമ്പോൾ രണ്ടു കിലോമീറ്റർ ദൂരെ ജന്തർ മന്ദറിൽ പുതിയ സമൂഹത്തിലെ സ്ത്രീകൾ തുല്യാവകാശത്തിനായി സമരം ചെയ്യുകയായിരുന്നു. അവരാണ് പുതിയ ഇന്ത്യയുടെ പൗരർ. കാഴ്ചബംഗ്ലാവിൽ നിന്നെടുത്ത ചെങ്കോലുമായി വന്ന പുരോഹിതരല്ല. ആർഎസ്എസിന്‍റെ ആശയദാരിദ്ര്യം അവരെ കൂടുതൽ കൂടുതൽ ഇത്തരം പഴയ അടയാളങ്ങളിലേക്ക് തിരിച്ചു വിടും.

മുന്നോട്ട് കുതിക്കാൻ വെമ്പുന്ന 75 ശതമാനവും 40 വയസിൽ താഴെയുള്ളവരുടെ ഈ രാജ്യം ആർഎസ്എസിനെ മറികടന്ന് മുന്നോട്ടു തന്നെ പോകുമെന്ന് ഉറപ്പുണ്ടെന്നും എം എ ബേബി പറഞ്ഞു. അതേസമയം, ജനാധിപത്യത്തിലെ അവിസ്മരണീയ ദിനമാണ് ഇന്നെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണ് ഇന്ന് പൂര്‍ത്തിയായതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര സമര സേനാനികളുടെ സ്വപ്ന സാക്ഷാത്കാരത്തിന്‍റെ അടയാളമാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.  1200 കോടി രൂപ ചെലവിട്ട് നിർമിച്ച പാർലമെന്‍റ് കെട്ടിടമാണ് പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. അധികാരകൈമാറ്റത്തിന്‍റെ പ്രതീകമായി സര്‍ക്കാര്‍ അവകാശപ്പെടുന്ന ചെങ്കോല്‍ പ്രധാനമന്ത്രി തന്നെ  സ്പീക്കറുടെ ഇരിപ്പിടത്തിനടുത്ത് സ്ഥാപിച്ചു.

500 കി.മീ വെറും രണ്ടര മണിക്കൂറിൽ താണ്ടി, നമുക്കും വേണ്ടേ ഈ സൗകര്യങ്ങൾ; അനുഭവം പങ്കുവെച്ച് എം കെ സ്റ്റാലിൻ

PREV
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും