
കൊച്ചി: പുതുവത്സരാഘോഷത്തിന് തിരക്ക് നിയന്ത്രിക്കുന്നതിന് ഫോർട്ട് കൊച്ചിയിൽ കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമായി കൊച്ചി സിറ്റി പൊലീസ്. നാളെ വൈകീട്ട് നാല് മണിയോടെ ഫോർട്ട് കൊച്ചിയിലേക്കുള്ള വാഹനങ്ങൾ നിയന്ത്രിക്കുമെന്നും പരിധിക്കപ്പുറം ജനങ്ങളെത്തിയാൽ കടത്തിവിടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. പരേഡ് ഗ്രൗണ്ടിന് പുറമെ വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പൊലീസ് വീണ്ടും നിരസിച്ചു. ഇതിനിടെ, വിദേശചന്തത്തിൽ ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ പാപ്പാഞ്ഞി ഉയർന്നു. വൈകിട്ടോടെയാണ് കൂറ്റന്‍ പാപ്പാഞ്ഞി ഗ്രൗണ്ടില്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയത്. പാപ്പാഞ്ഞിയുടെ മുഖവും ക്രെയിന്‍ ഉപയോഗിച്ച് ഘടിപ്പിക്കും. 80 അടി നീളമുള്ള പാപ്പാഞ്ഞിയെ ആണ് ഉയർത്തിയത്.
ചുറ്റിലും ആഭ്യന്തര-വിദേശ സഞ്ചാരികളാല്‍ നിറഞ്ഞിരിക്കുകയാണ് കൊച്ചി. കൊച്ചിയില്‍ പുതുവത്സരം ആഘോഷിക്കാന്‍ ജനം ഒഴുകിയെത്തുകയാണ്. കഴിഞ്ഞവര്‍ഷം പരേഡ് ഗ്രൗണ്ടിലെ തിക്കും തിരക്കും വലിയ സുരക്ഷാ പ്രശ്നമുണ്ടാക്കിയിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യവും കഴിഞ്ഞവര്‍ഷമുണ്ടായി. അപകടസാധ്യത മുന്‍നിര്‍ത്തിയാണ് ഇത്തവണ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. കുസാറ്റ് ദുരന്തത്തിന്‍റെ ഉള്‍പ്പെടെ പശ്ചാത്തലത്തില്‍ നാളെ വൈകിട്ട് മുതല്‍ ഫോര്‍ട്ട് കൊച്ചിയില്‍ ഗതാഗത നിയന്ത്രണവും പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടികളാണ് കൊച്ചി സിറ്റി പൊലീസ് സ്വീകരിച്ചിരിക്കുന്നത്. നഗരത്തിലുള്ള രണ്ടായിരം പൊലീസുകാരില്‍ ആയിരം ഉദ്യോഗസ്ഥരും ഫോര്‍ട്ട് കൊച്ചിയിലുണ്ടാകുമെന്നും തിരക്കൊഴിവാക്കാന്‍ ഘട്ടം ഘട്ടമായാകും കാണികളെ പ്രവേശിപ്പിക്കുകയെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എ അക്ബര്‍ പറഞ്ഞു.
നാളെ വൈകിട്ട് നാലു മണി മുതല്‍ ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള വാഹനങ്ങള്‍ നിയന്ത്രിക്കും. ഇതിനുശേഷം പരേഡ് ഗ്രൗണ്ടില്‍ ഉള്‍കൊള്ളാന്‍ കഴിയുന്ന ആളുകളായാല്‍ പിന്നീട് ആരെയും പ്രവേശിപ്പിക്കില്ല. കൂടുതല്‍ വാഹനങ്ങള്‍ എത്തിയാല്‍ മറ്റിടങ്ങളിലേക്ക് വഴിതിരിച്ചുവിടും. പ്രാദേശിക കൂട്ടായ്മയിൽ വെളി മൈതാനത്തും പാപ്പാഞ്ഞി ഒരുങ്ങിയിരുന്നു. എന്നാൽ പരേഡ് ഗ്രൗണ്ടിൽ മാത്രം പാപ്പാഞ്ഞിയെ കത്തിച്ചുള്ള ആഘോഷം മതിയെന്ന് സബ് കളക്ടർ പറഞ്ഞതോടെ നാട്ടുകാർ നിരാശരായി. എന്നാൽ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നത് പ്രായോഗികമല്ലെന്ന് കൊച്ചി എംഎൽഎ കെ ജെ മാക്സിയും പൊലീസും നിലപാടെടുത്തു. പാപ്പാഞ്ഞി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആഘോഷത്തിന്‍റെ മാറ്റ് കുറയ്ക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് കൊച്ചി കാർണിവൽ സംഘാടകർ. ആഘോഷരാവിലേക്ക് മണിക്കൂറെണ്ണിയുള്ള കാത്തിരിപ്പിലാണ് ഇനി ഫോര്‍ട്ട് കൊച്ചി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam