
കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി. ആരോഗ്യ നില തൃപ്തികരമായ ശേഷം യുവതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്‍റെ തീരുമാനം. യുവതിയുടെ മൊഴി എതിരായാൽ മാത്രം സുഹൃത്തായിരുന്ന ആൾക്കെതിരെ അന്വേഷണം നടത്തും.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കൊച്ചി നഗരത്തെയാകെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ശുചീകരണത്തൊഴിലാളികളാണ് നടുറോഡില്‍ പൊക്കിൾക്കൊടിപോലും മുറിച്ചുമാറ്റാത്ത നവജാത ശിശുവിനെ ആദ്യം കണ്ടത്. റോഡിലേക്ക് വീണ കുഞ്ഞിനെ പൊതിഞ്ഞിരുന്ന കവർ കേന്ദ്രീകരിച്ചായിരുന്നു തുടർ അന്വേഷണം. ആമസോണിൽ ഉത്പന്നങ്ങൾ വാങ്ങിയ കവറിലെ വിലാസം പരിശോധിച്ചാണ് ഫ്ലാറ്റിന്‍റെ അഞ്ചാം നിലയിൽ പൊലീസ് എത്തിയത്. അപ്പോൾ മാത്രമാണ് യുവതിയുടെ മാതാപിതാക്കൾ സംഭവമറിയുന്നത്. തുടർന്ന് യുവതിയെ ചോദ്യംചെയ്തതിൽ നിന്നാണ് ഏകദേശ ചിത്രം പുറത്തുവന്നത്. ഗർഭിണിയാണെന്ന വിവരം മാതാപിതാക്കളോട് പറഞ്ഞിരുന്നില്ലെന്നും ഇതുണ്ടാക്കിയ മാനസിക സംഘർഷത്തിലാണ് കൃത്യം ചെയ്തതെന്നുമാണ് യുവതിയുടെ മൊഴി. ഇൻസ്റ്റാംഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തിൽ നിന്നാണ് ഗർഭിണിയായത്. വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നാണ് മൊഴി.
ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് ബാത്ത് റൂമിലാണ് യുവതി പ്രസവിച്ചത്. പരിഭ്രാന്തയായ താൻ കുഞ്ഞിനെ എങ്ങനേയും മറവ് ചെയ്യണം എന്ന ഉദ്ദേശത്തിലാണ് താഴേക്ക് വലിച്ചെറിഞ്ഞത് എന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. കൊലപാതക്കകുറ്റം ചുമത്തി കസ്റ്റഡിയിലെടുത്ത യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റുമാർട്ടം റിപ്പോർട്ട് കൂടി കിട്ടയശേഷമാകും തുടർ നടപടികൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam