Published : May 03, 2023, 06:07 AM ISTUpdated : May 03, 2023, 08:17 AM IST

Malayalam News Live: മടങ്ങിവരുമോ ശരദ് പവാർ? പ്രതീക്ഷയോടെ നേതാക്കളും പ്രവർത്തകരും

Summary

എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് ശരദ് പവാർ മടങ്ങിയെത്തുമോ എന്നതിൽ അനിശ്ചിതത്വം തുടരുന്നു. പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച പവാർ തീരുമാനം പുന പരിശോധിക്കാം എന്ന് നേതാക്കളോട് പറഞ്ഞിരുന്നു. ഇതിനായി മൂന്നു ദിവസമാണ് പവാർ ആവശ്യപ്പെട്ടത്. ശരദ് പവാറുമായി എൻസിപി നേതാക്കൾ ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തിയേക്കും. പാർട്ടിയുടെ ഭാവി പരിപാടികൾ തീരുമാനിക്കാൻ നിയോഗിച്ച സംഘം ഇന്നലെ വൈകിട്ടും പവാറിനെ കണ്ടിരുന്നു. തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ എൻസിപിയുടെ തലപ്പത്ത് തലമുറ മാറ്റം ഉറപ്പാവും

Malayalam News Live: മടങ്ങിവരുമോ ശരദ് പവാർ? പ്രതീക്ഷയോടെ നേതാക്കളും പ്രവർത്തകരും

08:17 AM (IST) May 03

ഗോ ഫസ്റ്റ് എയർലൈൻസ് പ്രതിസന്ധി രൂക്ഷം

ഗോഫസ്റ്റ് എയർലൈൻസിന്റെ പ്രതിസന്ധി അതിരൂക്ഷം. കൂടുതൽ ദിവസങ്ങളിൽ സർവീസ് റദ്ധാക്കേണ്ടിവന്നേക്കും. കമ്പനിയെ അടച്ചുപൂട്ടുന്നത് ഒഴിവാക്കാനുള്ള നടപടിക്രമങ്ങൾ ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ ആരംഭിക്കും. പുതിയ പ്രമോട്ടർമാരെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ കമ്പനി അടച്ചു പൂട്ടേണ്ടി വരും. ഇടപെടുമെന്ന് കേന്ദ്രസർക്കാർ

08:17 AM (IST) May 03

രാഹുൽ സുപ്രീം കോടതിയിലേക്ക്?

രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാൻ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം ആലോചിച്ച് കോൺഗ്രസ്. നിയമ വിദഗ്ധരുടെ സംഘം യോഗം ചേർന്ന് തീരുമാനിക്കും. വയനാടിൻറെ കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും നിയമോപദേശം തേടും.

06:12 AM (IST) May 03

ഗുസ്തി താരങ്ങളുടെ സമരം 11ാം ദിവസം

ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷണിനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന രാപ്പകൽ സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ ദില്ലി പോലീസ് കേസെടുത്തെങ്കിലും ഇതുവരെ ബ്രിജ് ഭൂഷണെ ചോദ്യം ചെയ്തിട്ടില്ല. ഇയാളെ അറസ്റ്റ് ചെയ്യാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് താരങ്ങൾ. സമരക്കാർക്ക് പിന്തുണ അറിയിച്ച് കർഷക നേതാവ് രാകേഷ് ടിക്കായത്ത് ഇന്നലെ ജന്തർ മന്തറിൽ എത്തിയിരുന്നു. സംയുക്ത കിസാൻ മോർച്ച താരങ്ങൾക്ക് ഐക്യദാർഢ്യം അറിയിച്ച് രാജ്യവ്യാപക പ്രതിഷേധം നടത്തും. 

06:10 AM (IST) May 03

ആംബുലൻസ് അപകടം: ചൊവ്വന്നൂരിൽ മൂന്ന് പേർ മരിച്ചു

കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ പേർ മരിച്ചു. മൂന്ന്‌ പേർക്ക്‌ ഗുരുതരമായി പരിക്കേറ്റു. അർദ്ധരാത്രി ഒരു മണിയോടെയാണ്‌ ചൊവ്വന്നൂർ എസ്‌ ബി ഐ ബാങ്കിന്‌ സമീപത്താണ് അപകടമുണ്ടായത്. ഡ്രൈവറടക്കം ആറ് പേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ന്യൂമോണിയ ബാധിച്ച് ശ്വാസതടസം മൂലം ഗുരുതരാവസ്ഥയിലായ ഫെമിന എന്ന യുവതിയുമായി സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന അൽ അമീൻ ആംബുലൻസാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ മരത്തംകോട്‌ സ്വദേശികളായ ഫെമിന, റഹ്മത്ത്‌, ആബിദ്‌ എന്നിവരാണ്‌ മരിച്ചത്‌.