
ഇന്ന് ഗാന്ധി ജയന്തി
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനമാണ് ഇന്ന്. സത്യാഗ്രഹം എന്ന സമരമാർഗത്തിലൂടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നിരന്തരം പോരാടിയ മഹാത്മാവിന്‍റെ സ്മരണ ഇന്ന് രാജ്യമാകെ ഇരമ്പും. അഹിംസാത്മകമായ നിയമലംഘനത്തിനും സമാധാനപരമായ ചെറുത്തുനില്‍പ്പിനും വേണ്ടി അക്ഷീണം പ്രയത്നിച്ച ഗാന്ധിയുടെ പോരാട്ടവഴികള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ മുഖമുദ്രയായി മാറി. ഗാന്ധിജിയുടെ അഹിംസാത്മക പ്രത്യയശാസ്ത്രം മൂലമാണ് ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസ ദിനമായി മാറിയത്. 1947 ഓഗസ്റ്റ് 15 -ന് ഇന്ത്യ സ്വാതന്ത്യം നേടിയെങ്കിലും ഭാരതവിഭജനത്തിന്റെ വേദനകളിലായിരുന്നു മഹാത്മാവ്. 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 -നാണ് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവെയാണ് നാഥുറാം ഗോഡ്‌സേയുടെ വെടിയേറ്റ് അദ്ദേഹം മരണമടയുന്നത്.
ഇന്ന് വിജയദശമി, അറിവിന്റെ അദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ…
നാടെങ്ങും നവരാത്രി ആഘോഷ നിറവിലാണ്. അക്ഷരപൂജയ്ക്കു പിന്നാലെ മഹാനവമിയിൽ ആയുധപൂജയും പൂർത്തിയാകുന്നതോടെ നവരാത്രി ആഘോഷച്ചടങ്ങുകൾ അവസാനഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. ഇന്ന് വിജയദശമി ദിനത്തില്‍ പൂജയെടുപ്പും തുടര്‍ന്ന് കുട്ടികളുടെ വിദ്യാരംഭവും നടക്കും. ഇതിനായി സംസ്ഥാനത്തെ ക്ഷേത്രങ്ങളും മറ്റും വലിയ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന ഹൈന്ദവാചാരമാണ് വിദ്യാരംഭം. ആധുനിക കാലത്ത് മറ്റു മതസ്ഥരും ഈ ദിവസം വിദ്യാരംഭം കുറിക്കുന്നു. നവരാത്രിയുടെ അവസാന ദിവസമായ വിജയ ദശമി നാളിൽ പ്രഭാതത്തിലാണ് വിദ്യാരംഭം നടത്താറുള്ളത്. വ്യാഴാഴ്‌ച വിജയദശമയിൽ രാവിലെ ഏഴിന് പൂജയെടുക്കും. തുടർന്ന് ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭച്ചടങ്ങുകൾ ആരംഭിക്കും.
ക്യാമറക്ക് മുന്നിൽ തിരിച്ചെത്തിയ മെഗാസ്റ്റാർ, മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിൻ്റെ ടീസർ ഇന്ന്
മലയാളത്തിലെ മഹാനടന്മാരെ മുഖ്യ കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രത്തിന്റെ ടീസർ ഇന്ന് പുറത്തുവരും. 17 വര്‍ഷത്തിനുശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. പാട്രിയേറ്റ് എന്നാണ് ചിത്രത്തിന്റെ പേര്. എന്നാല്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ട ടീസർ അന്നൗണ്‍സ്മെന്റ് പോസ്റ്റിറില്‍ #MMMN എന്ന വർക്കിങ് ടൈറ്റില്‍ മാത്രമാണ് ചേർത്തിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാൽ, മഹേഷ് നാരായണൻ, നയൻതാര എന്നാണ് ഈ ടൈറ്റിൽ അർഥമാക്കുന്നതെന്നാണ് വ്യക്തമാകുന്നത്. അസുഖം ബാധിച്ച് 7 മാസത്തോളം നീണ്ട ചികിത്സക്ക് ശേഷം മെഗാസ്റ്റാർ ക്യാമറക്ക് മുന്നിൽ തിരിച്ചെത്തിയതിന്‍റെ ആവേശത്തിനൊപ്പം ടീസർ കൂടിയെത്തുന്നത് ആരാധകർ ആഘോഷമാക്കുമെന്നുറപ്പാണ്.
ബാലഭാസ്കർ ഓർമ്മയായിട്ട് ഇന്നേക്ക് ഏഴുവർഷങ്ങൾ
വയലിനിൽ മാന്ത്രിക സംഗീതം വിരിയിച്ച ബാലഭാസ്കർ ഓർമ്മയായിട്ട് ഇന്നേക്ക് ഏഴുവർഷങ്ങൾ പിന്നിടുന്നു. ഉള്ളുലച്ച ആയിരം ഈണങ്ങൾ അനായാസം ബാലുവിന്റെ വയലിൻ കമ്പികളെ തൊട്ടുരഞ്ഞ് പോകുമ്പോൾ കൗതുകത്തോടെ ചെവികൂർപ്പിച്ചിരുന്നു സംഗീതപ്രേമികൾ. 40 വയസിനുള്ളിൽ അത്രമാത്രം ഉയരം തൊട്ടൊരു കലാകാരൻ. ലക്ഷങ്ങളെ തന്നിലേക്ക് അടുപ്പിച്ച താളവും ശ്രുതിയും പ്രണയവുമെല്ലാം ഒരു വഴിവക്കിൽ അവസാനിച്ച വല്ലാത്തൊരു മടക്കമായിരുന്നു അത്. മൂന്നാം വയസിൽ ഒപ്പം കൂട്ടിയ ആ ചങ്ങാതി മരണത്തിൽ പോലും ആ നെഞ്ചോട് ചേർന്നു. കേരളത്തിന് ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയത് ബാലഭാസ്കറായിരുന്നു. ഫ്യൂഷൻ സംഗീതത്തിന്റെ വലിയ സാധ്യതകൾ ബാലു തലമുറകൾക്ക് പരിചയപ്പെടുത്തി. 17 ആം വയസിൽ മംഗല്യപ്പല്ലക്ക്' എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണമിട്ടൊരു റെക്കോർഡും ആ പേരിനൊപ്പമുണ്ട്. പിന്നീട് പ്രണയ ആൽബങ്ങളിലൂടെ ആരും മീട്ടാത്ത ഈണങ്ങളും പകർന്നു. വേദികളിൽ നിന്നും വേദികളിലേക്ക് പാഞ്ഞ ജീവിതംമായിരുന്നു അത്.
സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന കാന്താര ചാപ്റ്റർ 1 ഇന്ന് തീയറ്ററുകളിലെത്തും
സൗത്ത് ഇന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് കാന്താര ചാപ്റ്റർ 1. സൈലന്റായി എത്തി സൂപ്പർ ഹിറ്റായി മാറിയ കാന്താരയുടെ പ്രിക്വൽ എന്നത് തന്നെയാണ് അതിന് കാരണം. കന്നഡ കൾചറുമായി ബന്ധപ്പെടുത്തി ഋഷഭ് ഷെട്ടി അണിയിച്ചൊരുക്കുന്ന ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തും. എന്ത് വിസ്മയമാകും ഋഷഭ് സിനിമയിൽ കാഴ്വച്ചിരിക്കുന്നത് എന്നറിയാൻ മലയാളികൾ അടക്കമുള്ള സിനിമാസ്വാദകർ കാത്തിരിക്കുകയാണ്.
അഞ്ചരക്കണ്ടി പുഴയിൽ ആര് വാഴും? ധര്‍മ്മടത്ത് സിബിഎൽ ആവേശം, മത്സരങ്ങൾക്ക് ഇന്ന് തുടക്കം
സംസ്ഥാന ടൂറിസം വകുപ്പ് ഐപിഎൽ മാതൃകയിൽ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) ഉത്തര മലബാറിലെ മത്സരങ്ങൾക്ക് ഇന്ന് ധർമ്മടം അഞ്ചരക്കണ്ടി പുഴയിൽ തുടക്കമാകും. മത്സരങ്ങൾ ഉച്ചതിരിഞ്ഞ് 2.30 ന് ആരംഭിക്കും. 15 ചുരുളി വള്ളങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് സിബിഎൽ ഉദ്ഘാടനം ചെയ്യുക. ടൂറിസം - പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷനാകും. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, മ്യൂസിയം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും.
ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം
ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. അഹമ്മദാബാദിൽ രാവിലെ ഒൻപതരയ്ക്കാണ് കളി തുടങ്ങുക. ഏഷ്യാ കപ്പ് വിജയത്തിന്റെ തിളക്കത്തിൽ നിന്നാണ് ടീം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിന്റെ പോരാട്ട ചൂടിലേക്ക് ഇറങ്ങുന്നത്. ശുഭ്മാൻ ഗില്ലിന് കീഴിൽ സ്വന്തം നാട്ടിൽ ഇന്ത്യ ആദ്യ പരമ്പര നേട്ടം ലക്ഷ്യമിട്ട് ഇറങ്ങുമ്പോൾ അസാന്നിധ്യംകൊണ്ട് ശ്രദ്ധേയരാകുകയാണ് വിരാട് കോലിയും രോഹിത് ശർമ്മയും ആർ അശ്വിനും. മൂവരുമില്ലാതെ ഇന്ത്യ ഹോം ഗ്രൗണ്ടിൽ ടെസ്റ്റിനിറങ്ങുന്നത് ഒന്നരപതിറ്റാണ്ടിനിടെ ആദ്യമായാണ്. നേപ്പാളിനോടുപോലും പരമ്പര നഷ്ടമായ വെസ്റ്റ് ഇൻഡീസിന് ഇന്ത്യയുടെ കരുത്തിനെ എത്രത്തോളം പ്രതിരോധിക്കാനാവും എന്ന് കണ്ടറിയണം. മഴയുടെ സാന്നിധ്യവും പിച്ചിൽ പേസും ബൗൺസുമുള്ളതിനാൽ ഇന്ത്യ മൂന്ന് പേസർമാരെ ടീമിൽ ഉൾപ്പെടുത്തുമെന്നാണ് ക്യാപ്റ്റൻ ഗിൽ നൽകുന്ന സൂചന. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് പേസ് ജോഡിക്കൊപ്പം പ്രസിദ്ധ് കൃഷ്ണ ടീമിലെത്തിയേക്കും.
വനിത ലോകകപ്പിൽ ഇന്ന് ബംഗ്ലാദേശും പാകിസ്ഥാനും നേർക്കുനേർ
വനിത ലോകകപ്പിൽ ഇന്ന് ബംഗ്ലാദേശും പാകിസ്ഥാനും തമ്മിൽ പോരാട്ടം. ഇരു ടീമുകളുടെയും ആദ്യ മത്സരം കൂടിയാണ് ഇന്ന് നടക്കുക. നിഗർ സുൽത്താനയുടെ കീഴിലിറങ്ങുന്ന ബംഗ്ലാ വനിതകൾ ജയം ലക്ഷ്യമിട്ടുള്ള പോരാട്ടമാകും മുന്നോട്ടുവയ്ക്കുക. ഫാത്തിമ സനയുടെ കീഴിലിറങ്ങുന്ന പാക് വനിതകൾ കടലാസിൽ കരുത്തരാണ്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ത്യൻ സമയം വൈകിട്ട് 3 മണിക്കാണ് മത്സരം തുടങ്ങുക.
വനിതാ ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് ജയത്തുടക്കം
വനിതാ ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് ജയത്തുടക്കം. ഓസ്ട്രേലിയ 89 റൺസിന് ന്യൂസിലൻഡിനെ തോൽപിച്ചു. ഓസീസിന്റെ 326 റൺസ് പിന്തുടർന്ന കിവീസ് 237 റൺസിന് പുറത്തായി. ക്യാപ്റ്റൻ സോഫി ഡിവൈൻ 112 റൺസുമായി പൊരുതിയെങ്കിലും ലക്ഷ്യത്തിൽ എത്താനായില്ല. ആഷ്‍ലി ഗാർഡ്നറുടെ സെഞ്ച്വറിയുടെ കരുത്തിലാണ് ഓസീസ് 326 റൺസിൽ എത്തിയത്. ആഷ്‍ലി 83 പന്തിൽ 16 ഫോറും ഒരു സിക്സുമടക്കം 115 റൺസെടുത്തു. ആഷ്‍ലി ഗാർഡ്നറാണ് കളിയിലെ താരം.
സൂപ്പർ ലീഗ് കേരളം രണ്ടാം എഡിഷന് ഇന്ന് കോഴിക്കോട് കിക്കോഫ്
കേരളം ഇന്ന് മുതൽ ഫുട്ബോൾ ആവേശത്തിലേക്ക്. സൂപ്പർ ലീഗ് കേരളം രണ്ടാം എഡിഷന് ഇന്ന് കോഴിക്കോട് കിക്കോഫ്. കഴിഞ്ഞ തവണത്ത ഫൈനലിസ്റ്റുകൾ വീണ്ടും ഏറ്റുമുട്ടുമ്പോൾ ആവേശം ഇരട്ടിയാകും. നിറഞ്ഞ ഗ്യാലറിക്ക് മുന്നിൽ ഉയർത്തിയ കപ്പ് ഇത്തവണയും നിലനിർത്തണമെന്നതിനപ്പുറം ഒന്നുമില്ല കാലിക്കറ്റ് എഫ്.സിയുടെ മനസിൽ. ലാറ്റിനമേരിക്കൻ കരുത്തിലാണ് പ്രതീക്ഷ. അർജന്റീനയിൽ നിന്നും ബ്രസീലിൽ നിന്നും കോളംബിയയിൽ നിന്നും താരങ്ങളുണ്ട്. തന്ത്രം മെനയാൻ അർജന്റീന്കകാരനായ അഡ്രിയാനോ ഡിമാൾഡോയുമുണ്ട്. കഴിഞ്ഞ തവണത്തെ കിരീട പ്പോരിലെ തോൽവിയുടെ കണക്ക് വീട്ടണം. ജയത്തോടെ തുടങ്ങണം അതാണ് കൊച്ചിയുടെ ലക്ഷ്യം. ഫാൻ പോര് സോഷ്യൽ മീഡിയയിലും കത്തുകയാണ്.