
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണികളുടെ വിജയ പ്രതീക്ഷകൾ പങ്കുവച്ച് സിപിഎം നേതാവ് ചിന്ത ജെറോമും കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയും. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലൗഡ് സ്പീക്കറിലാണ് ഇരുവരുടെയും പ്രതികരണം. വനിതാ സംവരണം ഉള്ളതു കൊണ്ടാണ് ഇത്രയധികം സ്ത്രീകൾ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാകുന്നതെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. നേതൃത്വത്തിലേക്ക് സ്ത്രീകൾ വരുന്ന, സ്ത്രീകളെ അംഗീകരിക്കുന്ന പ്രസ്ഥാനമാണ് സിപിഎം എന്നായിരുന്നു ചിന്ത ജെറോമിന്‍റെ മറുപടി. പാർട്ടിയുടെ പ്രധാന സ്ഥാനങ്ങളിൽ സ്ത്രീകൾ വന്നിട്ടുണ്ട്. ലോകത്തിന് തന്നെ മാതൃകയല്ലേ 21കാരി തിരുവനന്തപുരത്ത് മേയറായി എന്നത്. കൊല്ലത്ത് എൽഡിഎഫ് തുടരും, നാട് വളരും എന്നതാണ് സിപിഎം മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യമെന്നും ചിന്ത ജെറോം പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് ചിന്താ ജെറോമും ബിന്ദു കൃഷ്ണയും ഏറ്റുമുട്ടുമോ എന്ന ചോദ്യത്തിൽ നിന്ന് ഇരുവരും ഒഴിഞ്ഞുമാറി. "അന്ന് എന്താണ് നടക്കുകയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലല്ലോ. പാർട്ടി തീരുമാനങ്ങൾ അനുസരിച്ചാണ് അതൊക്കെ നടത്തുക. ഞങ്ങൾ ഞങ്ങളുടെ രാഷ്ട്രീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ടു പോകും"- എന്നായിരുന്നു ബിന്ദു കൃഷ്ണയുടെ മറുപടി.
ചിന്ത ജെറോമിന്‍റെ മറുപടിയിങ്ങനെ- "സിപിഎമ്മിനെ സംബന്ധിച്ച് ഇത്തരം പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. അതാത് സമയങ്ങളിൽ പാർട്ടി ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ തീരുമാനിക്കും. ജനങ്ങൾ നോക്കുന്നത് എൽഡിഎഫിന്‍റെ സ്ഥാനാർത്ഥി ആര് എന്നാണ്. അല്ലാതെ വ്യക്തികളെയല്ല"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam