
കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ ഇനി നിര്‍ണ്ണായകം പ്രധാന പ്രതി ടികെ റമീസിന്‍റെ മൊഴിയും ഡിജിറ്റൽ തെളിവുകളും. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിപ്പിച്ച് വീണ്ടും ചോദ്യം ചെയ്യാനാണ് എൻഐഎ നീക്കം. തുടര്‍ച്ചയായി രണ്ട് ദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകാൻ എൻഐഎ തയ്യാറായിട്ടില്ല. അടുത്ത മാസം രണ്ടാം വാരത്തോടെ വീണ്ടും കൊച്ചിയിലേക്ക് വിളിപ്പിക്കുമെന്നാണ് അറിവ്.
ആദ്യം തിരുവനന്തപുരത്തും അതിന് ശേഷം കൊച്ചിയിലേക്ക് വിളിച്ചു വരുത്തി രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറും ചോദ്യം ചെയ്താണ് എൻഐഎ ശിവശങ്കറിനെ പറഞ്ഞുവിട്ടത്. ഇതാദ്യമായാണ് സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജന്‍സി ഇത്തരത്തില് ചോദ്യം ചെയ്യുന്നത്. ഒടുവില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ തല്‍ക്കാലത്തേക്ക് വിട്ടയച്ചതോടെ സര്‍ക്കാര്‍ രക്ഷപ്പെട്ടെങ്കിലും ഈ ആശ്വാസം എത്ര കാലം നിലനില്‍ക്കുമെന്ന് കണ്ടറിയണം.
അന്വേഷണത്തിന്‍റെ ഭാഗമായി കൂടുതല്‍ തെളിവുകള് ശേഖരിക്കുകയാണെന്നാണ് എന്‍ഐഎ വൃത്തങ്ങൾ നൽകുന്ന സൂചന. ഇപ്പോള്‍ എന്‍ ഐഎയുടെ കസ്റ്റഡിയിലുള്ള ടികെ റമീസ് കള്ളക്കടത്ത് റാക്കറ്റിനെ തീവ്രവാദ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായാണെന്നാണ് എഎന്‍ഐ വിശദമാക്കുന്നത്. വിദേശ ശൃംഖലയെ ബന്ധിപ്പിക്കുന്നതും റമീസ് തന്നെയെന്നാണ് എന്‍ ഐഎ കോടതിയെ അറിയിച്ചിരിക്കുന്നത്. ഇന്നലെ മാത്രം കസ്റ്റഡിയില് ലഭിച്ച റമീസിന്‍റെ മൊഴി ശിവശങ്കറിന്‍റെ ഭാവി കൂടി നിശ്ചയിക്കുന്നതിൽ നിർണായകമാകും.
അരുൺ ബാലചന്ദ്രന്‍ മുഖേന ശിവശങ്കര്‍ ബുക്ക് ചെയ്ത ഫ്ലാറ്റില് പിന്നീട് റമീസും സന്ദീപും കള്ളക്കടത്തിന് ഗൂഢാലോചന നടത്തിയെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ശിവശങ്കറിന് ഇതേക്കുറിച്ച് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവോ എന്നതാണ് പ്രധാന ചോദ്യം.ഇതിന് പുറമേയാണ് സ്വപ്ന ഉള്‍പ്പെടെയുള്ള പ്രതികള് കയറി ഇറങ്ങിയെന്ന് കരുതുന്ന വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള സിസിടിവിദൃശ്യങ്ങൾ.
മുഖ്യമന്ത്രിയുടേയും ശിവശങ്കറിന്‍റെയും ഓഫീസ്, മന്ത്രി കെടി ജലീലിന്‍റെ ഓഫീസ് സ്ഥിതി ചെയ്യുന്ന സെക്രട്ടറിയേറ്റ് അനക്സ്, യുഇഎ കോൺസുലേറ്റ് എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ അടുത്തമാസം രണ്ടാവാരത്തോടെ ലഭ്യമാകും.സ്വപ്നയുടെ നാല് മൊബൈല്‍ ഫോണുകളുടെ സിഡാകിലെ പരിശോധന റിപ്പോർട്ടുകളും എന്‍ഐ എ കാത്തിരിക്കുകയാണ്. ഇതെല്ലാം ലഭിക്കുന്നതോടെ എം ശിവശങ്കറിന് ഒരിക്കല്‍ കൂടി കൊച്ചിയിൽ എന്‍ഐഎക്ക് മുന്നില്‍ എത്തേണ്ടി വരും.
ഇതിനിടെ, കസ്റ്റഡിയിലുള്ള സ്വപനയുടേയും സന്ദീപിന്‍റെയും ചോദ്യം ചെയ്യല്‍ തീരുന്ന മുറയ്ക്ക് എം ശിവശങ്കറിനെ കൊച്ചിയില്‍ വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്‍റെ ആലോചന. കേസ് ആരംഭിച്ച് ഒരേു മാസം പിന്നിട്ടെങ്കിലും ഇന്നലെ മാത്രമാണ് സ്വപ്നയേയും സന്ദീപിനെയും കസ്റ്റംസിന് കസ്റ്റഡിയില്‍ ലഭിച്ചത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ വിളിച്ചുവരുത്തി ശിവശങ്കറിനെ രണ്ടാം ഘട്ടം ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്‍റെ ആലോചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam