സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എൻഐഎ കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി

By Web TeamFirst Published Oct 12, 2020, 12:08 PM IST
Highlights

ഭാവിയിൽ സ്വർണം കടത്താൻ പ്രതികൾ ആസൂത്രണം നടത്തി.ഇതിനായി സരിത് രേഖകൾ  തയ്യാറാക്കിയിരുന്നു. ഇത് സംബസിച്ച ഡിജിറ്റൽ തെളിവുകൾ ലഭിച്ചെന്ന് എൻഐഎ

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എൻഐഎ കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. സ്വപ്നയടക്കം സ്വര്‍ണക്കടത്ത് കേസിലെ പത്ത് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഇന്ന് പരിഗണിക്കേണ്ടിയിരുന്നത്. ഡിജിറ്റൽ തെളിവുകൾ ഇനിയും കിട്ടാനുണ്ടെന്ന് കോടതിയിൽ എൻഐഎ നിലപാടെടുത്തു. ഭാവിയിൽ സ്വർണം കടത്താൻ പ്രതികൾ ആസൂത്രണം നടത്തി.

ഇതിനായി സരിത് രേഖകൾ  തയ്യാറാക്കിയിരുന്നു. ഇത് സംബസിച്ച ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എൻഐഎ പറഞ്ഞു. ഇത് കണക്കിലെടുത്താണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. കാര്യമായ സംഭവങ്ങൾ ഒന്നും ഇല്ലാതെയാണ് എൻഐഎ കോടതി നടപടികൾ അവസാനിച്ചത്. 

ഡിജിറ്റൽ തെളിവുകളുടെ രേഖകൾ കിട്ടാൻ ഇനിയും സമയം എടുക്കുമെന്നാണ് എൻഐഎ വാദിച്ചത്. സ്വപ്ന അടക്കം പത്ത് പ്രതികളാണ് കോടതിയിൽ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്.  അതിനിടെ കേസിൽ 5 പ്രതികളുടെ കസ്റ്റഡി കോടതി അനുവദിച്ചു.

അബ്ദു പിടി, ഷറഫുദീൻ കെ ടി,  മുഹമ്മദ് ഷഫീഖ്,  ഹംജത് അലി, മുഹമ്മദ് അലി എന്നിവരെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആവശ്യം . അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടത് എങ്കിലും  ബുധനാഴ്ച വരെ രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്.  വ്യാഴാഴ്ച ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കും. 

അതിനിടെ കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് നൽകണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ അപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി.  സ്വർണക്കടത്തു കേസിന്റെ അന്വേഷണം പൂർത്തിയാകാതെ മൊഴിപ്പകർപ്പ് കൈമാറാനാകില്ലെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വപ്നയുടെ മൊഴിയിലെ വിശദാംശങ്ങൾ ഈ ഘട്ടത്തിൽ പുറത്തു വിടാൻ കഴിയില്ല. അന്തിമ റിപ്പോർട്ട്‌ ഫയൽ ചെയ്തതിന് ശേഷം മൊഴിപ്പകർപ്പ് നൽകാം എന്നും കസ്റ്റംസ് വാദിച്ചു. മൊഴി രഹസ്യ രേഖയായി കാണാനാകില്ലെന്നായിരു സ്വപ്നയുടെ വാദം.  മൊഴിപ്പകർപ്പ് ലഭിക്കേണ്ടത് അവകാശം ആണെന്നും സ്വപ്ന ഹൈക്കോടതിയെ അറിയിച്ചു

click me!