സ്വപ്നയെ കാണാൻ ബന്ധുക്കൾക്ക് അനുമതി; രണ്ടാഴ്ചയിലൊരിക്കൽ നേരിൽ കാണാം

By Web TeamFirst Published Sep 14, 2020, 4:51 PM IST
Highlights

സ്വപ്നയുടെ ബന്ധുക്കൾ നൽകിയ അപേക്ഷയിലാണ് കോടതിയുടെ നടപടി.  ഉത്തരവിന്‍റെ പകർപ്പുമായി സ്വപ്നയുടെ ബന്ധുക്കൾ തൃശൂരിലേക്ക് പോയി.

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കാണാൻ ബന്ധുക്കൾക്ക് അനുമതി ലഭിച്ചു. ഭർത്താവിനും മക്കൾക്കും അമ്മയ്ക്കുമാണ് സ്വപ്നയെ കാണാൻ എൻഐഎ കോടതി അനുമതി നൽകിയത്. രണ്ടാഴ്ചയിലൊരിക്കൽ സ്വപ്നയെ നേരിൽക്കണ്ട് ഒരു മണിക്കൂർ സംസാരിക്കാമെന്നാണ് കോടതിയുടെ നിർദ്ദേശം. സ്വപ്നയുടെ ബന്ധുക്കൾ നൽകിയ അപേക്ഷയിലാണ് കോടതിയുടെ നടപടി.  ഉത്തരവിന്‍റെ പകർപ്പുമായി സ്വപ്നയുടെ ബന്ധുക്കൾ തൃശൂരിലേക്ക് പോയി.

നെഞ്ചുവേദനയെ തുടർന്ന് സ്വപ്ന സുരേഷിനെ ഇന്നലെ  വീണ്ടും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ നെഞ്ചുവേദനയാണെന്ന് പറഞ്ഞ് ആറു ദിവസമാണ് സ്വപ്ന ആശുപത്രിയിൽ കഴിഞ്ഞത്. മെഡിക്കൽ ബോർഡ് ആരോഗ്യനില തൃപ്തികരമാണെന്ന് വിലയിരുത്തിയ ശേഷമാണ് രണ്ട് ദിവസം മുമ്പ് ഡിസ്ചാർജ് ചെയ്തത്.  സ്വപ്നയെ ആശുപത്രിയിലെത്തിച്ച് അര മണിക്കൂറിനകം മറ്റൊരു പ്രതി റമീസിനെയും വയറുവേദനയെ തുടർന്ന്  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനെക്കുറിച്ച് ജയിൽ വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്. രണ്ട് പേരുടെയും ആരോഗ്യനില സംബന്ധിച്ച് ഡോക്ടർമാരിൽ നിന്നും വിവരം തേടി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. 

സ്വപ്ന സുരേഷിനെ ചികിൽസിച്ച നഴ്സുമാരുടെ ഫോൺ വിളികളിൽ വകുപ്പുതല അന്വേഷണം തുടങ്ങിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് നഴ്സുമാരോട് വിശദീകരണം തേടി. സ്വപ്ന ഫോൺ വിളിച്ചിട്ടില്ലെന്നാണ് നഴ്സുമാരുടെ വിശദീകരണം. പൊലീസുകാർ കാവലുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.  സ്വപ്നയുടെ ഹൃദയത്തിലേയ്ക്കുള്ള രക്തക്കുഴലിൽ തടസമുണ്ടോയെന്ന് പരിശോധിക്കും.

അതേസമയം, സ്വപ്നയുടെ ആശുപത്രിവസത്തിൽ ദുരൂഹതയുണ്ടെന്ന് അനിൽ അക്കര എംഎൽഎ ആരോപിച്ചു. സ്വപ്ന സുരേഷിന് മെഡിക്കൽ കോളേജിൽ ചർച്ചക്ക് സൗകര്യമൊരുക്കിയത് മന്ത്രി മൊയ്തീൻ നേരിട്ടെത്തിയാണെന്നും എംഎൽഎ ആരോപിച്ചു.
 

click me!