സ്വപ്ന സുരേഷിന്‍റെ വക്കാലത്തെടുക്കാനെത്തി; ആളൂരിന്‍റെ ജൂനിയർ അഭിഭാഷകര്‍ക്ക് താക്കീത്

By Web TeamFirst Published Jul 13, 2020, 10:21 PM IST
Highlights

ഇത് എൻ ഐ എ കോടതിയാണെന്നു മറന്നു പോകരുതെന്നും മേലിൽ ആവർത്തിക്കരുതെന്നും ആളൂരിന്‍റെ ജൂനിയർ അഭിഭാഷകര്‍ക്ക് മുന്നറിയിപ്പ് നൽകി. 

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ വക്കാലത്ത് ഏറ്റെടുക്കാൻ എത്തിയ അഡ്വ. ബിഎ ആളൂരിന്‍റെ ജൂനിയർ അഭിഭാഷകരെ കോടതി താക്കീത് നൽകി തിരിച്ചയച്ചു. പ്രതികളായ സന്ദീപ് നായരുടെയും സ്വപ്ന സുരേഷിന്‍റെയും കസ്റ്റഡി അപേക്ഷ പരിഗണിക്കുന്ന എൻ ഐ കോടതിയിൽ ആളൂര്‍ അസോസിയേറ്റിലെ ജൂനിയർ അഭിഭാഷകനായ ടിജോ അടക്കം ഏതാനും അഭിഭാഷകർ  എത്തിയിരുന്നു. 

കോടതി നടപടി തുടങ്ങിയതോടെ ആളൂരിന്‍റെ ജൂനിയര്‍ സ്വപ്ന സുരേഷിന്‍റെ വക്കാലത്ത് ഏറ്റെടുക്കാനുള്ള അപേക്ഷ സമർപ്പിച്ചു. ഇതോടെ സ്പെഷ്യൽ ജഡ്ജ് സ്വപ്ന സുരേഷിനെ വിളിച്ച് വക്കാലത്ത് കൈമാറിയിട്ടുണ്ടോ എന്ന്‌ ആരാഞ്ഞു. എന്നാൽ തനിക്ക് ഈ അഭിഭാഷകനെ അറിയില്ലെന്നും ആരെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും സ്വപ്ന കോടതിയെ അറിയിച്ചു. അഭിഭാഷകനെ വയ്ക്കുന്ന കാര്യം തന്‍റെ ഭർത്താവാണ് തീരുമാനിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഇതോടെ ആളൂര്‍ അസോസിയേറ്റിലെ അഭിഭാഷകനോട് മുന്നോട്ട്  വരാൻ കോടതി ആവശ്യപ്പെട്ടു. ഇത് എൻ ഐ എ കോടതിയാണെന്ന് മറന്നു പോകരുതെന്നും മേലിൽ ആവർത്തിക്കരുതെന്നും മുന്നറിയിപ്പ് നൽകി. നേരത്തെ യുദ്ധക്കപ്പലിലെ കവർച്ചയുമായി ബന്ധപ്പെട്ട എൻ ഐ എ കേസിലും സമാനമായ രീതിയിൽ വക്കാലത്ത് ഏറ്റെടുക്കാൻ ആളൂർ അസോസിയേറ്റിലെ അഭിഭാഷർ ശ്രമിച്ചിരുന്നു. അന്നും പ്രതികൾ ഈ അഭിഭാഷകരെ അറിയില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.

click me!