ശ്രീലങ്ക ഭീകരാക്രമണം: പാലക്കാടും കാസർകോട്ടും എൻഐഎ റെയ്‍ഡ് ; ഒരാൾ കസ്റ്റഡിയിൽ

By Web TeamFirst Published Apr 28, 2019, 3:21 PM IST
Highlights

യുവാക്കളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. പാലക്കാട് സ്വദേശിക്ക് നേരത്തെ നാഷണൽ തൗഹീദ് ജമാത്തുമായി ബന്ധമുണ്ടായിരുന്നതായാണ് വിവരം, ഇയാൾ ഇപ്പോഴും സംഘടനയിൽ സജീവമാണോ എന്ന് വ്യക്തമല്ല.

കാസർകോട്/ പാലക്കാട് : ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കാസർകോടും പാലക്കാടും എൻഐഎ റെയ്ഡ്. പാലക്കാട്ട് രാവിലെ നടത്തിയ റെയ്‍ഡിന് ശേഷം ഒരാളെ  കസ്റ്റഡിയിൽ എടുത്തതായാണ് റിപ്പോർട്ട്. കാസർകോട് വിദ്യാനഗർ സ്വദേശികളായ രണ്ട് പേരുടെ വീടുകളിൽ എൻഐഎ രാവിലെ തെരച്ചിൽ നടത്തി. ഇവരിൽ നിന്ന് മൊബൈൽ ഫോണുകൾ അടക്കം പിടിച്ചെടുത്തു. കൂടുതൽ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരാകാൻ രണ്ട് പേർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. 

യുവാക്കളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. പാലക്കാട് സ്വദേശിക്ക് നേരത്തെ നാഷണൽ തൗഹീദ് ജമാത്തുമായി ബന്ധമുണ്ടായിരുന്നതായാണ് വിവരം, ഇയാൾ ഇപ്പോഴും സംഘടനയിൽ സജീവമാണോ എന്ന് വ്യക്തമല്ലെങ്കിലും കൂടുതൽ  വിവരങ്ങൾ ശേഖരിക്കാനായാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ യുവാവിനെ പരിശോധനകൾക്ക് ശേഷം എൻഐഎ സംഘം ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് കൊണ്ടുപോയി.

ശ്രീലങ്കയിൽ സ്ഫോടനം നടത്തിയ ചാവേറുകൾ കേരളത്തിലും തമിഴ്‍നാട്ടിലുമെത്തിയിരുന്നു എന്ന വിവരത്തെ തുടർന്ന്  കേരളത്തിലും തമിഴ്‍നാട്ടിലും തെരച്ചിൽ ശക്തമാക്കിയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും തൗഹീത് ജമാഅതിന് വേരുകളുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എൻഐഎ പരിശോധന തുടങ്ങിയത്. കോയമ്പത്തൂരിലുൾപ്പെടെ, കഴിഞ്ഞമാസം വന്ന് താമസിച്ച ആളുകളുടെ വിവരങ്ങൾ ഹോട്ടലുകളും ലോഡ്‍ജുകളും കേന്ദ്രീകരിച്ച് എൻഐഎ സംഘം ശേഖരിച്ചിട്ടുണ്ട്.

ശ്രീലങ്കയിൽ സ്ഫോടന പരമ്പര നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഒരജ്ഞാതൻ കോയമ്പത്തൂരുൾപ്പെടെയുളള തമിഴ്നാട്ടിലെ നഗരങ്ങളിലെത്തിയെന്നും എൻഐഎ കരുതുന്നു. ഇതാരാണെന്നും ഇയാൾ ഏതൊക്കെ വ്യക്തികളുമായി ബന്ധപ്പെട്ടെന്നും കണ്ടെത്താനുളള ശ്രമത്തിലാണ് അന്വേഷണ സംഘം. തൗഹീത് ജമാ അത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വിവിധ സംഘടകളെയും എൻഐഎ നിരീക്ഷിച്ചുവരികയാണ്.

click me!