മാവോയിസ്റ്റ് ബന്ധം സംശയിച്ച് കോഴിക്കോട് രണ്ട് യുവാക്കളെ എൻഐഎ ചോദ്യം ചെയ്യുന്നു

By Web TeamFirst Published May 1, 2020, 11:43 AM IST
Highlights

വൈത്തിരിയിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് സിപി ജലീലിന്റെ വീട്ടിലെ റെയ്ഡിൽ മൊബൈലുകളും സിം കാർഡുകളും അടക്കം നിരവധി സാധനങ്ങൾ പൊലീസ് പിടിച്ചെടുത്തു

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന രണ്ട് പേരെ കോഴിക്കോട് എൻഐഎ സംഘം ചോദ്യം ചെയ്യുന്നു. വയനാട് സ്വദേശികളായ എൽദോ, വിജിത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. 

അതേസമയം വൈത്തിരിയിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് സിപി ജലീലിന്റെ വീട്ടിലെ റെയ്ഡിൽ മൊബൈലുകളും സിം കാർഡുകളും അടക്കം നിരവധി സാധനങ്ങൾ പൊലീസ് പിടിച്ചെടുത്തു. ഇവിടെ മാവോയിസ്റ്റുകൾ താമസിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്ഡ്.

ജലീലിന്റെ സഹോദരൻ സിപി റഷീദ് പോരാട്ടം പ്രവർത്തകനാണെന്നാണ് വിവരം. ഇവിടെ നിന്ന് മൊബൈലുകളും സിം കാർഡുകളും ലഘു ലേഖകളും മെമ്മറി കാർഡുകളും കിന്റിൽ ഇ റീഡറും പിടിച്ചെടുത്തിട്ടുണ്ട്. കോഴിക്കോട് പന്തീരാങ്കാവിൽ നിന്നും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പോസ്റ്ററുകളും പിടിച്ചെടുത്തിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ പാണ്ടിക്കാടുള്ള വീട്ടിലാണ് റെയ്ഡ് നടന്നത്. വണ്ടൂർ സർക്കിൾ ഇൻസ്പെക്ടറുടെയും, പാണ്ടിക്കാട് സർക്കിൾ ഇൻസ്പെക്ടറുടെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്. ലോക് ഡൗൺ നിർദ്ദേശം പാലിക്കാതെ മുപ്പതോളം പൊലീസ് ഉദ്യോഗസ്ഥർ വീട്ടിൽ അതിക്രമിച്ച് കടന്നതായി ജലീലിന്റെ സഹോദരൻ റഷീദ് ആരോപിച്ചു. ഇവരുടെ വീട്ടിൽ മാവോയിസ്റ്റ് പ്രവർത്തകർ തങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡെന്ന് മലപ്പുറം എസ് പി യു അബ്ദുൾ കരീം പറഞ്ഞു.

click me!