Night Curfew Kerala : സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല നിയന്ത്രണം, ദേവാലയങ്ങൾക്കും ബാധകം

By Web TeamFirst Published Dec 29, 2021, 6:21 PM IST
Highlights

ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ജനുവരി രണ്ട് വരെ ഏർപ്പെടുത്തുന്ന രാത്രികാല നിയന്ത്രണങ്ങൾ (Night Curfew Kerala) ദേവാലയങ്ങൾക്കും ബാധകമാക്കി സർക്കാർ. രാത്രി പത്ത് മുതൽ മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് നിർദ്ദേശം. ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. 

 രാത്രി നിയന്ത്രണത്തിൽ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയപ്പോൾ ആരാധനാലയങ്ങളുടെ കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. ആരാധനാലയങ്ങളിൽ പുതുവത്സര പ്രാർത്ഥനകളും ചടങ്ങുകളും നടക്കുമോ എന്ന് പല കോണിൽ നിന്നും സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ വ്യക്തത വരുത്തിയത്. മത-സാമുദായിക രാഷ്ട്രീയ സാംസ്ക്കാരിക കൂടിച്ചേരലുകൾക്കെല്ലാം നിയന്ത്രണം ബാധകമാണ്. 

ഹോട്ടലുകൾ റസ്റ്റോറൻറുകൾ ബാറുകൾ ക്ലബുകൾ അടക്കമുള്ളവയ്ക്കും നിയന്ത്രണമുണ്ട്. തിയേറ്ററുകളിലെ സെക്കൻറ് ഷോക്കും വിലക്കുണ്ട്. അത്യാവശ്യമുള്ളവർ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നാണ് നിർദ്ദേശം. ഇത്തരത്തിൽ പുറത്തിറങ്ങുന്നവർ  സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണം. ന്യൂ ഇയർ ആഘോങ്ങളൊന്നും പത്ത് മണിക്ക്  ശേഷം പാടില്ലെന്നുമാണ് നിർദ്ദേശം. വരും ദിവസങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്താകും രാത്രികാല നിയന്ത്രണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക. ഒമിക്രോൺ കേസുകൾ കൂടുന്നുണ്ടെങ്കിലും രോഗികളിലാരും ഗുരുതരസ്ഥിതിയിലല്ലെന്നത് ആശ്വാസകരമാണ്

click me!