'8 തവണ ആര്യാടൻ മുഹമ്മദ്, ഇനി മകൻ'; നിലമ്പൂർ തിരിച്ച് പിടിക്കാൻ ഉപ്പ ആഗ്രഹിച്ചിരുന്നു, അത് നേടിയെന്ന് ഷൌക്കത്ത്

Published : Jun 23, 2025, 12:45 PM ISTUpdated : Jun 23, 2025, 12:47 PM IST
Aryadan Shoukath

Synopsis

2016-ൽ അൻവർ തട്ടിയെടുത്ത വിജയം, ഇത്തവണ തിരിച്ചെടുത്ത് പിതാവിന്റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ഷൗക്കത്ത്.

നിലമ്പൂർ: യുഡിഎഫിന്‍റെ ഉറച്ച കോട്ട, കോൺഗ്രസിന്‍റെ കരുത്തനായ ആര്യാടൻ മുഹമ്മദ് എട്ട് തവണ വിജയിച്ച നിലമ്പൂർ മണ്ഡലം. മാറിയ രാഷ്ട്രീയ സാഹചര്യങ്ങളെ മുതലെടുത്ത് എൽഡിഎഫിന്‍റെ സർജിക്കൽ സ്ട്രൈക്കായിരുന്നു പിവി അൻവറിന്‍റെ സ്ഥാനാർതിത്ഥ്വം. ആര്യാടന്‍റെ പാരമ്പര്യത്തെ തകർത്ത്, കോൺഗ്രസ് കോട്ടക്ക് മുകളിൽ ഇടത് സ്വതന്ത്രൻ ചെങ്കൊടി പാറിച്ചു. രണ്ടാം തവണയും ആധികരിക വിജയത്തോടെ പിവി അൻവർ നിലമ്പൂരിൽ തന്‍റെ കസേര ഉറപ്പിച്ചു. ഇപ്പോഴിതാ ഇടത് അടിക്കല്ലിളക്കി അൻവർ മുന്നണിക്ക് പുറത്ത് ചാടിയതോടെ സംജാതമായ ഉപതെരഞ്ഞെടുപ്പിൽ തങ്ങളുടെ മണ്ഡലം തിരികെ പിടിച്ചിരിക്കുകയാണ് യുഡിഎഫ്. വോട്ടെണ്ണൽ അവസാന റൌണ്ടിലേക്കടുക്കുമ്പോൾ ഇടതിന്‍റെ കരുത്തനായ സ്ഥാനാർത്ഥി എം സ്വരാജിനെ നിഷ്പ്രഭനാക്കി ആര്യാടൻ ഷൗക്കത്ത് വലിയ ലീഡുറപ്പിച്ചിരിക്കുകയാണ്.

2016-ൽ അൻവർ തട്ടിയെടുത്ത വിജയം,  ഇത്തവണ തിരിച്ചെടുത്ത് പിതാവിന്റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ഷൗക്കത്ത്. ആര്യാടൻ മുഹമ്മദ് അവസാനം നേടിയ 5000 വോട്ടിന്റെ ഭൂരിപക്ഷത്തെ ഇരിട്ടിയാക്കിയാണ് മകന്റെ മുന്നേറ്റം. പതിനായിരം കടന്ന് ആര്യാടൻ ഷൗക്കത്തിന്‍റെ ലീഡ് നില മുന്നേറുകയാണ്. ഇത് വാപ്പ ആഗ്രഹിച്ചിരുന്ന വിജയമാണ്, അത് നേടിയെടുക്കാനായതിൽ വലിയ ചാരിതാർത്ഥ്യമുണ്ടെന്നാണ് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചത്. വോട്ടെടുപ്പിന്റെ എല്ലാ ഘട്ടത്തിലും ആര്യാടൻ ഷൗക്കത്താണ് മുന്നിട്ടുനിന്നത്. എൽ.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും ആര്യാടൻ ഷൗക്കത്ത് മികച്ച വോട്ട് ഷെയർ സ്വന്തമാക്കി. എൽ.ഡി.എഫ്. സ്ഥാനാർഥി എം. സ്വരാജിന്റെ ബൂത്തിലും ആര്യാടൻ ഷൗക്കത്ത് ലീഡ് ഉയർത്തിയത് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്.

2016-ല്‍, ആര്യാടന്‍ മുഹമ്മദ് മാറിനിന്ന തെരഞ്ഞെടുപ്പില്‍ അന്‍വര്‍ നിലമ്പൂരില്‍ ഷൗക്കത്തിനെതിരേ സ്ഥാനാര്‍ഥിയായി, വിജയിച്ചു. 2021ലും ഷൗക്കത്ത് സീറ്റ് മോഹിച്ചുവെങ്കിലും അന്നത്തെ ഡിസിസി പ്രസിഡണ്ടായിരുന്ന വി വി പ്രകാശിനാണ് അന്ന് നറുക്കുവീണത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനം 76.71 ആയിരുന്നു. വോട്ടെണ്ണലിന് ദിവസങ്ങൾക്ക് മുമ്പ് പ്രകാശ് മരണപ്പെട്ടു. ചെറിയ ഭൂരിപക്ഷത്തിനാണ് രണ്ടാം തവണ അൻവർ ജയിക്കുന്നത്. 78527 വോട്ട് വിവി പ്രകാശ് നേടി. 81227 വോട്ട് നേടി നേരിയ ഭൂരിപക്ഷത്തിനാണ് അൻവർ ജയിച്ചത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ 1224 വോട്ടുകൾ കൂടുതൽ പോൾ ചെയ്തിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 173443 വോട്ടാണ് ആകെ പോൾ ചെയ്തതെങ്കിൽ ഇത്തവണ 174667 വോട്ടാണ് പോൾ ചെയ്യപ്പെട്ടത്.

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥിയെ ചൊല്ലി കോൺഗ്രസിൽ തുടക്കത്തിൽ കല്ലുകടികളുണ്ടായി. പിണറായിസത്തെ തോൽപ്പിക്കണമെന്ന മുദ്രാവാക്യത്തോടെ അൻവർ കളം നിറഞ്ഞെങ്കിലും ആര്യാടൻ ഷൌക്കത്തിന് തുടക്കം മുതൽ അൻവർ ചെക്ക് വെച്ചിരുന്നു. ഷൗക്കത്തുമായി അൻവറിന് കുടുംബപരമായി തന്നെ രാഷ്ട്രീയവൈരമുണ്ട്. സ്വതന്ത്രനും, ഇടതു സ്വതന്ത്രനുമായി, ഒടുവിൽ യുഡിഎഫിന്റെ വാതിക്കൽ അഭയം കാത്ത് നിന്നപ്പോഴും ആ വൈരത്തില്‍ കുറവൊന്നുമുണ്ടായില്ല. ഷൌക്കത്തിനെ സ്ഥാനാർത്ഥിയാക്കിയാൽ താൻ പിന്തുണക്കില്ലെന്നും, പകരം ഡിസിസി പ്രസിഡന്‍റായ വിഎസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്നുമായിരുന്നു അൻവറിന്‍റെ ആവശ്യം. എന്നാൽ യുഡിഎഫ് അൻവറിനെ തള്ളി, ആര്യാടൻ ഷൌക്കത്തിനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. ഒടുവിൽ മണ്ഡലം തിരിച്ച് പിടിച്ചിരിക്കുകയാണ് കോൺഗ്രസ് പ്രവർത്തകരുടെ ബാപ്പുട്ടിക്ക.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'