
തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കർ മുസ്ലിയാരോ അദ്ദേഹവുമായി അടുപ്പമുള്ളവരോ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്ന അവകാശവാദവുമായി യെമനിൽ കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ മെഹദി അബ്ദുൽ ഫത്താഹ്. ഫേസ്ബുക്ക് കുറിപ്പിലാണ് ഫതാഹിന്റെ വാദം. കുടുംബത്തിൻറെ അനുവാദമില്ലാതെയാണ് ചർച്ചകൾ നടന്നതായുള്ള പ്രചാരണമെന്നും ഫത്താഹ് പറയുന്നു.
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള വാർത്തകൾ പൂർണമായും തെറ്റാണെന്നും ഫത്താഹ് പറഞ്ഞു. തുടക്കം മുതലേ സമവായ ചർച്ചകൾക്കെതിരെ നിലകൊള്ളുന്ന ആളാണ് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരന്മാരിൽ ഒരാളായ അബ്ദുൽ ഫത്തഹ്. നേരത്തെ മധ്യസ്ഥതയ്ക് മുൻകൈയെടുക്കുന്ന സാമുവൽ ജെറോം വലിയ തുക കൈപ്പറ്റിയതായി ഫത്തേഹ് ആരോപിച്ചിരുന്നു.
കേസിൽ വധശിക്ഷ നീട്ടിയ ശേഷം ചർച്ചയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല എന്നാണ് വിവരം. നേരത്തെ നയതന്ത്ര വഴിയിൽ ചില നീക്കങ്ങൾ നടത്തിയെന്ന് അവകാശപ്പെട്ടവർ ഇക്കാര്യത്തിൽ എന്തെങ്കിലും പുതിയ നീക്കങ്ങൾ നടത്തിയതായി സൂചനയില്ല. കാന്തപുരത്തിന്റെ സുഹൃത്തായ യമനിലെ പണ്ഡിതർ മുഖേന നടത്തിയ നീക്കമാണ് വധശിക്ഷ നീട്ടിവെക്കാൻ കാരണമായതെന്നായിരുന്നു റിപ്പോർട്ടുകൾ.
നിമിഷ പ്രിയയുടെ മോചനകാര്യത്തില്‍ യമന്‍ പൗരന്‍മാരെ പ്രകോപിപ്പിച്ച് അനുകൂല സാഹചര്യം ഇല്ലാതാക്കരുതെന്ന് കഴിഞ്ഞ ദിവസം കാന്തപുരം എപി വിഭാഗം സമസ്ത നേതാവായ പ്രൊഫസര്‍ എകെ അബ്ദുള്‍ ഹമീദ് പറഞ്ഞിരുന്നു. ഒരു പണിയും ഇല്ലാത്തവരാണ് സോഷ്യല്‍ മീഡിയയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കുകയാണല്ലോ വേണ്ടത്. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കേണ്ടതില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam