
കോഴിക്കോട്: ആരോഗ്യ മേഖലയെ മുള്‍മുനയില്‍ നിര്‍ത്തി അഞ്ചാമത്തെ തവണയാണ് കേരളത്തില്‍ നിപ സ്ഥിരീകരിക്കുന്നത്. 2018ലാണ് നിപ സംസ്ഥാനത്ത് ആദ്യം സാന്നിധ്യം അറിയിക്കുന്നത്. മരണ നിരക്ക് കൂടുതലുള്ള നിപ വ്യാപനം തടയുന്നതിൽ അരോഗ്യ സംവിധാനം വിജയിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ട് ആവര്‍ത്തിച്ച് രോഗബാധയുണ്ടാകുന്നു എന്നത് വലിയ ചോദ്യചിഹ്നമാണ്.
2018 മെയ് മാസമായിരുന്നു സംസ്ഥാനത്തെ അസാധാരണ ഭയത്തിലേക്കും ജാഗ്രതയിലേക്കും തള്ളിവിട്ട ആദ്യം നിപ കേസ് സ്ഥിരീകരിച്ചത്. മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ യുവാവിന്റെ സ്രവമാണ് ആദ്യം മണിപ്പാലിലേക്ക് പരിശോധനയ്ക്ക് അയച്ചത്. വീട്ടിലുള്ളവര്‍ക്ക് സമാന ലക്ഷണങ്ങള്‍ കണ്ടതോടെയാണ് ആരോഗ്യവിദ്ഗര്‍ വ്യക്തത നേടിയത്. പുനെ വൈറോളജി ലാബിലെ ഫലം കൂടി വന്നതോടെ രോഗവിവരം പുറത്തുവിട്ടു.
പിന്നീടങ്ങോട്ട് പരിചിതമല്ലാത്തൊരു കാഴ്ചകളിലേക്കും രീതികളിലേക്കും കേരളത്തിലെ ആരോഗ്യ മേഖല മാറി. 18 പേര്‍ക്കായിരുന്നു രോഗബാധ. 17 മരണമുണ്ടായി. എന്നാല്‍ 23 പേര്‍ക്ക് രോഗബാധയുണ്ടായെന്നും 21 പേര്‍ മരിച്ചെന്നുമാണ് വിവിധ ജേണലുകളിലെ പഠന റിപ്പോര്‍ട്ട്. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് അതേ ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം ചേര്‍ത്താണ് ഈ കണക്ക്. രോഗിയെ പരിചരിക്കുന്നതിനിടയില്‍ വൈറസ് ബാധിച്ച പേരാമ്പ്ര താലൂക്കാശുപത്രിയിലെ സിസ്റ്റര്‍ ലിനിയുടെ വേര്‍പാട് ആതുര സേവനരംഗത്ത് മറക്കാനാവാത്ത നോവായി.
പഴംതീനി വവ്വാലായിരുന്നു ആദ്യ കേസിന്റെ ഉത്ഭവകേന്ദ്രം. വൈറസ് വന്ന വഴികളും പകരാനുള്ള സാധ്യതകളും പിടിച്ചുകെട്ടിയ കേരളം, 2018 ജൂണ്‍ 30 ന് കോഴിക്കോടിനെയും മലപ്പുറത്തെയും നിപ മുക്ത ജില്ലകളാക്കി പ്രഖ്യാപിച്ചു. 2019 ല്‍ സംസ്ഥാനത്തെ വീണ്ടും ആശങ്കയിലാഴ്ത്തി എറണാകുളത്തായിരുന്നു രണ്ടാം തവണ നിപ്പ സാന്നിധ്യമുണ്ടായത്. അനുഭവ സമ്പത്തിന്റെയും നിരീക്ഷത്തിന്റയും ജാഗ്രതയുടെയും ബലത്തില്‍ രോഗവ്യാപനം തടഞ്ഞു. വൈറസ് ബാധ സ്ഥിരീകരിച്ച യുവാവ് രോഗമുക്തി നേടി.
2021 സെപ്റ്റംബറില്‍ നിപ ബാധിച്ച് ചാത്തമംഗലം സ്വദേശിയായ 12 വയസുകാരന്‍ മരണത്തിന് കീഴടങ്ങി. അക്കുറിയും രോഗത്തെ പിടിച്ചുകെട്ടാന്‍ സാധിച്ചു. 2023 സെപ്റ്റംബറില്‍ കോഴിക്കോട് പനി ബാധിച്ച് മരിച്ച രണ്ടു പേരുടെ പരിശോധനഫലം പുറത്തുവന്നപ്പോള്‍ പോസിറ്റീവായിരുന്നു. ആറു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മലപ്പുറത്തെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചതോടെ വീണ്ടും അതിജാഗ്രതിയിലേക്ക് മാറുകയാണ് നമ്മള്‍. രോഗത്തെ പിടിച്ചു കെട്ടി എന്നവകാശപ്പെടുമ്പോഴും എന്തുകൊണ്ട് നിപ്പ കേരളത്തില്‍ ആവര്‍ത്തിക്കുന്നു, എങ്ങനെ മനുഷ്യരിലേക്ക് പകരുന്നു, വൈറസിന്റെ സ്വഭാവം തുടങ്ങി നിരവധി കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
മലപ്പുറത്ത് നിപ; പഞ്ചായത്തുകളിലെ നിയന്ത്രണം ഇന്ന് മുതൽ,കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam