ആശ്വാസം, തിരുവനന്തപുരത്തെ രോഗിക്ക് നിപ ഇല്ല: കളമശ്ശേരിയിൽ ഒരു ഐസൊലേഷൻ വാർഡ് കൂടി

Published : Jun 07, 2019, 02:47 PM IST
ആശ്വാസം, തിരുവനന്തപുരത്തെ രോഗിക്ക് നിപ ഇല്ല: കളമശ്ശേരിയിൽ ഒരു ഐസൊലേഷൻ വാർഡ് കൂടി

Synopsis

വവ്വാലുകളെക്കുറിച്ച് പഠിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. രോഗത്തിന്‍റെ ഉറവിടം വവ്വാലുകളാണോ, എവിടെ നിന്നുള്ള വവ്വാലുകളാണ് എന്നിവയാണ് സംഘം പഠിക്കുക. 

കൊച്ചി/തിരുവനന്തപുരം: നിപ വൈറസ് ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഒരു രോഗിക്ക് നിപ ഇല്ലെന്ന് സ്ഥിരീകരണം. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ ആദ്യം പ്രവേശിപ്പിച്ച രോഗിക്കാണ് നിപ ഇല്ലെന്ന റിപ്പോര്‍ട്ട് വന്നത്. രണ്ടാമത്തെ രോഗിയുടെ ഫലം നാളെയെ ലഭിക്കൂ.

കൊച്ചിയില്‍ നിന്ന് പനി ബാധിച്ച് തിരുവനന്തപുരത്തെത്തിയ യുവാവ് ഉള്‍പ്പെടെ രണ്ട് പേരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരുടെ സ്രവ സാമ്പിളുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ ഒരാളുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വന്നത്. ഇതോടെ നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് വ്യക്തമായി.

എറണാകുളത്തെ കളമശ്ശേരി മെഡിക്കൽ കോളേജിൽ ഇതിനിടെ ഒരു ഐസൊലേഷൻ വാർഡ് കൂടി തുറന്നു. 30 രോഗികളെയാണ് പുതിയ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കാവുന്നത്. ഇപ്പോൾ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട ഏഴ് പേർക്കും നിപയില്ലെങ്കിലും ഇന്‍ക്യുബേഷന്‍ പീരിയഡ് കഴിയുന്നതു വരെ നിരീക്ഷണം തുടരും. ആരോഗ്യ വകുപ്പിന്‍റെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തീവ്രമായി തുടരുമെന്നും എല്ലാവരും നിര്‍ദേശങ്ങള്‍ തുടര്‍ന്നും പാലിക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. 

നിരീക്ഷണത്തിൽ 318 പേർ

രോഗിയുമായി സമ്പര്‍ക്കത്തിലുള്ളതായി ഇതുവരെ കണ്ടെത്തിയിരിക്കുന്നത് 318 പേരെയാണ്. ഇതില്‍ 315 പേരുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ എടുത്തു. 244 പേരുടെ വിവരങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്തു. ഇതില്‍ ഹൈ റിസ്‌ക് വിഭാഗത്തിലുള്ള 41 പേര്‍ തീവ്രനിരീക്ഷണത്തിലാണ്. 203 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുള്ളവരാണ്. 

രോഗിയുടെ സ്രവങ്ങളുമായി സാമീപ്യമുണ്ടായിട്ടുള്ളവരോ 12 മണിക്കൂറെങ്കിലും ഒരുമിച്ചുകഴിഞ്ഞിട്ടുള്ളവരോ ആണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്നത്. മറ്റുള്ളവരെല്ലാം ലോ റിസ്‌ക് വിഭാഗത്തില്‍ പെടുന്നു.

നിപരോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുള്ള കൂടുതല്‍ പേരുണ്ടെങ്കില്‍ കണ്ടെത്താനും ശക്തമായ നിരീക്ഷണം നടത്താനും ആരോഗ്യവകുപ്പിന്‍റെ കീഴിലുള്ള എല്ലാ വിഭാഗങ്ങളും തീവ്ര പരിശ്രമത്തിലാണ്

വിദഗ്‍ധ സംഘത്തിന്‍റെ പ്രവര്‍ത്തനം 

എന്‍.ഐ.വി, എന്‍.ഐ.ഇ, എ.ഐ.എം.എസ്, നിംഹാന്‍സ്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തിയ വിദഗ്ധര്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തി.  എ.ഐ.എം.എസ്, നിംഹാന്‍സ് എന്നിവടങ്ങളിലെ വിദഗ്ധര്‍ നിപ രോഗിയുടെ ക്ലിനിക്കല്‍ റിവ്യൂ ആശുപത്രിയില്‍ എത്തി നടത്തി. 

നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിലെ ലാബ് സന്ദര്‍ശിച്ചു. പിഒസി മെഷീനും ആര്‍ടി പിസിആര്‍ സൗകര്യവും മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ചു.  നിപ രോഗബാധയുമായി ബന്ധപ്പെട്ട് വവ്വാലുകളെക്കുറിച്ച് പഠിക്കുന്നതിനായി ഡോ. സുദീപ്, ഡോ. ഗോഖ്‌റേ, ഡോ.ബാലസുബ്രമണ്യം എന്നവരടങ്ങിയ മൂന്നംഗ വിദഗ്ധ സംഘവും എത്തിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്